മിസോറം ലോട്ടറി കേരളത്തിൽ വിൽപ്പന നടത്തിയാൽ കർശന നടപടി: ധനമന്ത്രി

തിരുവനന്തപുരം ∙ കേരളത്തില്‍ മിസോറം ലോട്ടറി ടിക്കറ്റ് വില്‍ക്കാന്‍ പാടില്ലെന്ന് ധനമന്ത്രി ടി.എം.തോമസ് ഐസക്ക്. ചട്ടങ്ങളും നടപടിക്രമങ്ങളും പാലിക്കാതെ വില്‍പന അനുവദിക്കില്ല. അനധികൃതമായി വില്‍പന നടത്തിയാല്‍ നിയമനടപടി സ്വീകരിക്കും. വില്‍പന സംബന്ധിച്ച് മിസോറം സര്‍ക്കാര്‍ നല്‍കിയ കത്ത് സ്വീകാര്യമല്ല. ചട്ടങ്ങള്‍ പാലിച്ച് മിസോറമിന് ലോട്ടറി ലാഭകരമായി നടത്താന്‍ കഴിയില്ല. നികുതിയിലോ സമ്മാനതുകയിലോ വെട്ടിപ്പ് നടത്തണം. സംസ്ഥാനത്തിൽ അത്തരം പ്രവണതകൾ അനുവദിക്കില്ലെന്നും കര്‍ശന നടപടി സ്വീകരിക്കുമെന്നും ധനമന്ത്രി തോമസ് ഐസക്ക് വ്യക്തമാക്കി. 

മിസോറം ലോട്ടറി സംബന്ധിച്ച് മിസോറം സര്‍ക്കാര്‍ നല്‍കിയ കത്ത് സ്വീകാര്യമല്ലെന്നും ധനമന്ത്രി അറിയിച്ചു. മിസോറം ലോട്ടറി നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെടും. മിസോറം ലോട്ടറിയുടെ നടത്തിപ്പിലെ വീഴ്ച കണ്ടെത്തിയ കംപ്ട്രോളർ ആൻഡ് ഒാഡിറ്റർ ജനറലിന്റ റിപ്പോർട്ട് ചൂണ്ടിക്കാട്ടിയാണ് കേന്ദ്രത്തെ സമീപിക്കുക.

അതിനിടെ, മിസോറം ലോട്ടറി എത്തിച്ച നാലുപേരെ വാളയാറിൽ പൊലീസ് കസ്റ്റഡിയിലെടുത്തു. ആവശ്യമായ രേഖകളില്ലാതെ ഇവ എത്തിച്ചതിന് കേസെടുക്കുമെന്ന് പൊലീസ് പറഞ്ഞു. പുതുശ്ശേരിയിലെ ഗോഡൗണിൽ നിന്ന് അ‍ഞ്ചുകോടിയിലേറെ ടിക്കറ്റുകൾ പിടിച്ചെടുത്തതായും സൂചനയുണ്ട്.