ചിത്രയെ ഉൾപ്പെടുത്താത്തതിൽ ഫെഡറേഷൻ വിശദീകരണം നൽകണം: ഹൈക്കോടതി

കൊച്ചി ∙ ലോക അത്‌ലറ്റിക് ചാംപ്യൻഷിപ്പ് ടീമിൽ പി.യു. ചിത്രയെ പങ്കെടുപ്പിക്കണമെന്ന ഉത്തരവ് അവഗണിച്ച ഇന്ത്യൻ അത്‌ലറ്റിക് ഫെഡറേഷനോടു കേരള ഹൈക്കോടതി വിശദീകരണം തേടി. മീറ്റിൽ താരങ്ങളെ ഉൾപ്പെടുത്തുന്നതിനുള്ള സമയപരിധി കഴിഞ്ഞെന്നായിരുന്നു കോടതിയില്‍ ഫെഡറേഷൻ നൽകിയ മറുപടി. അങ്ങനെയെങ്കിൽ സുധാസിങ് സ്ഥാനം നേടിയത് എങ്ങനെയെന്നു ഹൈക്കോടതി ഫെഡറേഷനോടു ചോദിച്ചു. അത്‌ലറ്റിക് ഫെഡറേഷനോട് എതിർ സത്യവാങ്മൂലം സമർപ്പിക്കാനും കോടതി നിർദേശം നല്‍കി. ചിത്ര സമർപ്പിച്ച കോടതിയലക്ഷ്യ ഹർജി പരിഗണിക്കുമ്പോഴാണ് ഹൈക്കോടതിയുടെ ഇടപെടൽ.

അത്‌ലറ്റിക് ഫെഡറേഷൻ ഭാരവാഹികളും ഒഫീഷ്യൽസും ലോകമീറ്റിൽ പങ്കെടുക്കാൻ ലണ്ടനിലാണെന്നു ഫെഡറേഷന്റെ അഭിഭാഷകൻ ബോധിപ്പിച്ചു. എന്തായാലും വിശദീകരണം ലഭിച്ചേ തീരൂ എന്ന നിലപാടു കോടതിയും സ്വീകരിച്ചു. അതേസമയം, ഹൈക്കോടതി സിംഗിൾ ബെഞ്ചിൽനിന്നുണ്ടായ പ്രതികൂല പരമാർശങ്ങൾ നീക്കണമെന്നാവശ്യപ്പെട്ടു ഫെഡറേഷൻ ഡിവിഷൻ ബെഞ്ചിനെ സമീപിച്ചു. എന്നാൽ, എന്തെങ്കിലും പരാതികളുണ്ടെങ്കിൽ കേസ് പരിഗണിച്ച സിംഗിൾ ബെഞ്ചിനെതന്നെ സമീപിക്കാനായിരുന്നു ഡിവിഷൻ ബെഞ്ചിന്റെ നിർദേശം. പി.യു. ചിത്ര നേരിട്ടെത്തിയാണു തിങ്കളാഴ്ച ഹൈക്കോടതിയിൽ കോടതിയലക്ഷ്യ ഹർജി സമർപ്പിച്ചത്.

അതേസമയം, പട്ടികയിൽ സ്ഥാനം നേടിയെങ്കിലും സുധാസിങ്ങിനെ പങ്കെടുപ്പിക്കേണ്ടതില്ലെന്ന് അത്‌ലലറ്റിക് ഫെഡറേഷൻ തീരുമാനിച്ചു. പി.യു. ചിത്രയെ ടീമില്‍നിന്നൊഴിവാക്കിയതു വിവാദമായ സാഹചര്യത്തിലാണു തീരുമാനം. തന്‍റെ അറിവില്ലാതെയാണു ലോക മീറ്റിനുള്ള അന്തിമപട്ടിക അയച്ചതെന്നു സിലക്‌ഷൻ കമ്മിറ്റി അധ്യക്ഷൻ ജി.എസ്. രണ്‍ധാവയും നിലപാടെടുത്തു. ആദ്യപട്ടികയില്‍ ഉള്‍പ്പെട്ടില്ലെങ്കിലും ലോക ചാംപ്യന്‍ഷിപ്പിൽ പങ്കെടുക്കാൻ കഴിയുമെന്ന് ഉറപ്പുണ്ടായിരുന്നതായി സുധാസിങ് പറഞ്ഞതു വിവാദമായിരുന്നു.

ചിത്രയെ ഇന്ത്യൻ സംഘത്തിൽ ഉൾപ്പെടുത്തണമെന്ന കേരള ഹൈക്കോടതി വിധിയെത്തുടർന്ന്, ദേശീയ അത്‌ലറ്റിക് ഫെഡറേഷൻ രാജ്യാന്തര െഫഡറേഷനു കഴിഞ്ഞദിവസം കത്തയച്ചിരുന്നെങ്കിലും അഭ്യർഥന ഞായറാഴ്ച തള്ളി. ഇതോടെയാണു ചിത്രയ്ക്കു ലോക അത്‍ലറ്റിക് ചാംപ്യൻഷിപ്പിൽ മൽസരിക്കാമെന്നുള്ള അവസാന പ്രതീക്ഷയും ഇല്ലാതായത്. കേന്ദ്ര കായിക മന്ത്രി വിജയ് ഗോയലിന്റെ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണു കടുംപിടിത്തമൊഴിവാക്കി അത്‍ലറ്റിക് ഫെഡറേഷൻ കത്തയക്കാൻ തയാറായത്.