കോൺ. പിരിച്ചുവിടണമെന്നു ഗാന്ധിജി പറഞ്ഞു, മറ്റൊരു ഗാന്ധി അതു നടപ്പാക്കുന്നു: അമിത് ഷാ

അമിത് ഷാ

റോത്തക്∙ കോൺഗ്രസിനെയും ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയെയും പരിഹസിച്ച് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ. ഇന്ത്യ സ്വാതന്ത്ര്യം നേടിയതിനു പിന്നാലെതന്നെ കോൺഗ്രസിനെ പിരിച്ചുവിടണമെന്നായിരുന്നു മഹാത്മാ ഗാന്ധി പറഞ്ഞത്. അന്നു ഗാന്ധിജിക്ക് അതു ചെയ്യാനായില്ല. പക്ഷേ, മറ്റൊരു ഗാന്ധി അതിപ്പോൾ നടപ്പാക്കുകയാണ്. ഹരിയാനയിലെ റോത്തക്കിലെ പരിപാടിയിൽ ജനങ്ങളെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അമിത് ഷാ.

ബിജെപി അധികാരത്തിലെത്തിയതിനു പിന്നാലെ രാജ്യം വികസനത്തിലേക്കു കുതിക്കുകയാണ്. ബിജെപി സർക്കാർ എവിടെ അധികാരത്തിലെത്തിയാലും അവിടെ വികസനം ഉണ്ടാകും. കോൺഗ്രസ് സർക്കാർ ഒരിക്കൽ ഭരിച്ചാൽ രാജ്യത്തിന്റെ വളർച്ചാനിരക്ക് ഗുരുതരമായി താഴും. ബിജെപി അധികാരത്തിലെത്തിയശേഷമാണു രാജ്യത്തിന്റെ വളർച്ചാനിരക്ക് മുന്നോട്ടുകയറിയത്. വംശാധിപത്യത്തിന്റെയും പ്രീണനത്തിന്റെയും രാഷ്ട്രീയത്തിൽനിന്നു ബിജെപി രാജ്യത്തെ മോചിപ്പിച്ചു. തത്വങ്ങളിൽ അധിഷ്ഠിതമായ ഒരു പാർട്ടിക്കേ, രാജ്യത്തു വികസനം കൊണ്ടുവരാൻ കഴിയൂ, അമിത് ഷാ വ്യക്തമാക്കി.

കോൺഗ്രസ് മുങ്ങിത്താഴുന്നതിനുപിന്നിലെ കാരണം അധ്യക്ഷ സോണിയ ഗാന്ധിക്ക് രാഹുൽ ഗാന്ധിയോടുള്ള അമിതമായ പുത്രസ്നേഹമാണെന്നു കഴിഞ്ഞ ദിവസം ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയും അഭിപ്രായപ്പെട്ടിരുന്നു.