പ്രമുഖർ ഉൾപ്പെട്ട ഗ്രൂപ്പിലേക്ക് അശ്ലീല വിഡിയോ: അന്വേഷണം മുഖ്യമന്ത്രിയുടെ ഓഫിസിലേക്ക്

കോട്ടയം ∙ മന്ത്രിമാരും എംഎൽഎമാരും സിപിഎം നേതാക്കളും അടക്കം പ്രമുഖർ ഉൾപ്പെട്ട വാട്സാപ് ഗൂപ്പിലേക്ക് അശ്ലീല വിഡിയോ സന്ദേശം അയച്ച സംഭവത്തിൽ അന്വേഷണം മുഖ്യമന്ത്രിയുടെ ഓഫിസിലേക്ക്. ബുധനാഴ്ച ഉച്ചയ്ക്കാണ് തലസ്ഥാനത്തെ പ്രമുഖർ ഉൾപ്പെട്ട ഗ്രൂപ്പിലേക്ക് യുവതിയുടെ 24 സെക്കൻഡ് ദൈർഘ്യമുള്ള വിഡിയോ എത്തിയത്.

പാർട്ടി പത്രത്തിലെ സ്റ്റാഫ് അംഗമാണ് വിഡിയോ പോസ്റ്റ് ചെയ്തത്. ഇതു വ്യാപക ചർച്ചയായതോടെ മുഖ്യമന്ത്രിയുടെ പഴ്സനൽ സ്റ്റാഫ് അംഗമാണു തനിക്കു വിഡിയോ അയച്ചുതന്നതെന്നും മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിൽ വലിയ സാങ്കേതികജ്ഞാനമില്ലാത്തതിനാൽ വിഡിയോ, ഗ്രൂപ്പിലേക്കു കൈമാറിപ്പോയെന്നും ഇദ്ദേഹം വിശദീകരണം നൽകി.

വിഡിയോ പോസ്റ്റ് ചെയ്യപ്പെട്ടതോടെ സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ, എംഎൽഎമാരായ പി.സി.ജോർജ്, വി.ഡി.സതീശൻ തുടങ്ങിയ പ്രമുഖരെ ഗ്രൂപ്പിൽ നിന്നു അഡ്മിൻ പുറത്താക്കി. ഇതു ശ്രദ്ധയിൽപെട്ടതോടെയാണു വിഡിയോ പോസ്റ്റ് ചെയ്ത കാര്യം ഗ്രൂപ്പംഗങ്ങളിൽ പലരും അറിഞ്ഞതു തന്നെ.

മുഖ്യമന്ത്രിയുടെ ഓഫിസിൽ മുഖ്യമന്ത്രിക്കായി പ്രസംഗങ്ങൾ കംപ്യൂട്ടറിൽ ടൈപ്പ് ചെയ്യുന്ന വ്യക്തിയെ ചുറ്റിപ്പറ്റിയാണ് അന്വേഷണം. ഇയാളിൽ നിന്നു വിശദീകരണം തേടിയേക്കും. ചില ഉന്നത പൊലീസ് ഉദ്യോഗസ്ഥരും ഗ്രൂപ്പിൽ അംഗങ്ങളാണ്.