ഇപിഎസും ഒപിഎസും ലയിച്ച് എൻഡിഎയിലേക്ക്; വൈകിട്ട് പ്രധാനമന്ത്രിയുമായി ചർച്ച

ന്യൂഡൽഹി∙ തമിഴ്നാട് രാഷ്ട്രീയത്തിൽ കാവിക്കൊടി പാറിക്കാനുള്ള ബിജെപി ശ്രമങ്ങൾ വിജയത്തിലേക്ക്. അണ്ണാ ഡിഎംകെ (അമ്മ) വിഭാഗം ജനറൽ സെക്രട്ടറി വി.കെ.ശശികല, ഡപ്യൂട്ടി ജനറൽ സെക്രട്ടറി ടി.ടി.വി.ദിനകരൻ എന്നിവരെ ഒതുക്കി പാർട്ടി പിടിച്ചടക്കാൻ എടപ്പാടി പളനിസാമി (ഇപിഎസ്), ഒ.പനീർസെൽവം (ഒപിഎസ്) പക്ഷങ്ങൾ ഒന്നിക്കാൻ തീരുമാനിച്ചതാണു ബിജെപിയുടെ ദീർഘകാലമായുള്ള സ്വപ്നത്തിന് ഉണർവേകുന്നത്.

ശശികല കുടുംബത്തെ പൂർണമായും പുറത്താക്കാനുള്ള ചർച്ചകൾക്കായി ഇപിഎസ്, ഒപിഎസ് വിഭാഗങ്ങൾ ഡൽഹിയിൽ എത്തി. അണ്ണാ ഡിഎംകെയിലെ ഇരുവിഭാഗങ്ങളും യോജിച്ചാൽ എൻഡിഎ മുന്നണിയിലേക്ക് പ്രവേശിക്കാനാണു തീരുമാനം. മുന്നണി പ്രവേശനം സംബന്ധിച്ച ചർച്ചകളും ഡൽഹിയിൽ നടക്കും. ഉപരാഷ്ട്രപതിയായി വെങ്കയ്യ നായിഡു സ്ഥാനമേൽക്കുന്ന ചടങ്ങിൽ പങ്കെടുക്കാനാണ് ഇരുവിഭാഗം നേതാക്കളും ഡൽഹിയിൽ എത്തിയിട്ടുള്ളത്. ഇന്ന് ഉച്ചതിരിഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമി കൂടിക്കാഴ്ച നടത്തും. മുന്നണി പ്രവേശനമാകും മുഖ്യ അജൻഡ. മുതിർന്ന ബിജെപി നേതാക്കളുമായും അണ്ണാ ഡിഎംകെ വിഭാഗങ്ങൾ മോദിയുടെ സാന്നിധ്യത്തിൽ ചർച്ച നടത്തുമെന്നാണ് അറിയുന്നത്.

ശശികലയ്ക്കെതിരെയും ദിനകരനെതിരെയും കഴിഞ്ഞദിവസം അണ്ണാ ഡിഎംകെ അമ്മ വിഭാഗം പ്രമേയം പാസാക്കിയിരുന്നു. ശശികലയുടെ സെക്രട്ടറി സ്ഥാനം താല്‍ക്കാലികം മാത്രമാണ്. ദിനകരനു പുതിയ ഭാരവാഹികളെ പ്രഖ്യാപിക്കാന്‍ അധികാരമില്ലെന്നുമാണു പ്രമേയത്തിൽ പറയുന്നത്. പ്രമേയം ശശികല– ദിനകരൻ പക്ഷത്തിനു കനത്ത തിരിച്ചടിയായാണ് വിലയിരുത്തുന്നത്. പാർട്ടിയിലെ മേധാവിത്വം നഷ്ടപ്പെടുന്നെന്നു തിരിച്ചറിഞ്ഞ് ദിനകരൻ പ്രതിരോധ തന്ത്രങ്ങളുമായി രംഗത്തെത്തി. 122 എംഎൽഎമാർ തനിക്കൊപ്പമാണെന്ന് അവകാശപ്പെട്ട ദിനകരൻ, 45 അംഗ ഭാരവാഹികളുടെ പട്ടികയും കഴിഞ്ഞദിവസം പുറത്തിറക്കി. തനിക്കെതിരെ നടപടിയെടുക്കാൻ ശശികലയ്ക്കു മാത്രമേ അധികാരമുള്ളൂവെന്നു നിലവിൽ പാർട്ടിയിൽ രണ്ടാമനായ ദിനകരൻ വ്യക്തമാക്കിയിരുന്നു.

ഇതിനുപിന്നാലെയാണ് എടപ്പാടി പളനിസാമി വിഭാഗം തിരിച്ചടിക്കാൻ ശക്തി സമാഹരിക്കാൻ ഒരുങ്ങിയത്. ഒപിഎസ് ക്യാംപുമായി സഹകരിച്ചു ശശികല കുടുംബത്തെ പൂർണമായി മാറ്റിനിർത്താനാണ് ഇപിഎസ് ആഗ്രഹിക്കുന്നത്. പളനിസാമി വിഭാഗവും പനീർസെൽവം വിഭാഗവും ഒന്നിച്ചാൽ, സർക്കാരിനെ ഇപിഎസും പാർട്ടിയെ ഒപിഎസും നയിച്ചേക്കും. ഉപമുഖ്യമന്ത്രി, പാർട്ടി ജനറൽ സെക്രട്ടറി പദങ്ങൾ പനീർസെൽവം വഹിക്കുമെന്ന ഒത്തുതീർപ്പിലേക്കാണ് ഇരുവിഭാഗങ്ങളുമെത്തിയത്.