കുമ്മനത്തെ മുന്‍നിര്‍ത്തി കേരള ബിജെപിയെ ശുദ്ധീകരിക്കാൻ ആര്‍എസ്എസ് നീക്കം

തിരുവനന്തപുരം ∙ ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനെ മുന്‍നിര്‍ത്തി പാർട്ടി സംസ്ഥാന ഘടകത്തിൽ ആര്‍എസ്എസ് ശുദ്ധീകരണത്തിന് ഒരുങ്ങുന്നു. വിമതര്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികള്‍ സ്വീകരിക്കാനും പാര്‍ട്ടി നേതാക്കളെ അഴിമതിക്കാരായി ചിത്രീകരിക്കുന്നതിനെതിരെ ശക്തമായി നീങ്ങാനും ആര്‍എസ്എസ് കുമ്മനത്തിന് അനുമതി നല്‍കി. സമൂഹമാധ്യമങ്ങളിലെ പ്രതികരണങ്ങളും പാർട്ടി നേതൃത്വം നിരീക്ഷിക്കും.

കുമ്മനം രാജശേഖരൻ നയിക്കുന്ന പദയാത്രയോടെ ഔദ്യോഗിക പക്ഷത്തിന്റെ സമ്പൂർണ ആധിപത്യമാണ് ബിജെപി കേന്ദ്ര നേതൃത്വം ലക്ഷ്യം വയ്ക്കുന്നത്. വിമത നീക്കം നടത്തുന്നത് തലമുതിർന്നവരാണെങ്കിലും നടപടിയെടുക്കാനാണ് നിർദേശം. ഇതിന് കുമ്മനത്തിന് പൂർണ അധികാരവും നൽകിയിട്ടുണ്ട്.

പാർട്ടി വിരുദ്ധവാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകും. നേതാക്കൾ പൂർണമായും കേന്ദ്ര നേതൃത്വത്തിന്റെ നിരീക്ഷണത്തിലാണ്. സാമൂഹ മാധ്യമങ്ങളിലെ പ്രതികരണങ്ങളും പാർട്ടി നിരീക്ഷിക്കും. കോഴിക്കോട്ടെ യുവമോർച്ച ജില്ലാ നേതാവിന്റെ ഔദ്യോഗിക പക്ഷത്തിനെതിരായ പരമാർശം കുമ്മനം നേരിട്ട് ഇടപെട്ട് നീക്കിയിരുന്നു.

പദയാത്രയ്ക്കായി അമിത് ഷാ കേരളത്തിലെത്തുന്നതോടെ വിമത വിഭാഗത്തിലെ മുതിർന്ന നേതാക്കൾക്കെതിരെ ഉൾപ്പെടെ അച്ചടക്ക നടപടിയുണ്ടാകും. വി.വി. രാജേഷിനെതിരായ നടപടി പിൻവലിക്കാനാവില്ലെന്നും പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ വച്ചുപൊറുപ്പിക്കില്ലെന്നും കഴിഞ്ഞ ദിവസം നടന്ന നേതൃയോഗത്തിൽ കുമ്മനം വ്യക്തമാക്കിയിരുന്നു. തൃശൂർ യോഗത്തിലെ വാദപ്രതിവാദങ്ങൾ സംബന്ധിച്ചും കുമ്മനം രാജശേഖരൻ ദേശീയ നേതൃത്വത്തെ ധരിപ്പിച്ചിട്ടുണ്ടെന്നാണ് വിവരം.