'അവൻ കിടന്നത് ദൈവത്തിന്റെ കയ്യിൽ'; കുഴൽക്കിണറിൽപ്പെട്ട പിഞ്ചുകുഞ്ഞിനെ രക്ഷിച്ചു

11 മണിക്കൂർ നീണ്ട രക്ഷാശ്രമത്തിനൊടുവിൽ കുഴൽക്കിണറിൽനിന്നു പുറത്തെടുത്ത രണ്ടുവയസ്സുകാരൻ ചന്ദ്രശേഖർ.

വിജയവാഡ∙ 'അവൻ ദൈവത്തിന്റെ കയ്യിലായിരിക്കും കിടന്നിരുന്നത്'; 11 മണിക്കൂർ നീണ്ട ശ്രമങ്ങൾക്കൊടുവിൽ കുഴൽക്കിണറിൽ നിന്ന് ജീവനോടെ പുറത്തെടുത്ത രണ്ടുവയസ്സുകാരൻ ചന്ദ്രശേഖറിന്റെ മാതാപിതാക്കൾ കരഞ്ഞുകൊണ്ടു പറഞ്ഞു. ആന്ധ്രപ്രദേശിലെ ഗുണ്ടൂർ ജില്ലയിലാണ് അദ്ഭുതകരമായ സംഭവം. കുഞ്ഞുങ്ങൾ കുഴൽക്കിണറിനുള്ളിൽ വീഴുന്നത് രാജ്യത്ത് പതിവാണെങ്കിലും ജീവനോടെ പുറത്തെടുക്കുന്നത്, അതും കൈക്കുഞ്ഞിനെ അപകടമേതുമില്ലാതെ രക്ഷിക്കുന്നത് അപൂർവ്വ സംഭവമാണ്. കുഞ്ഞിന് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെന്നു ഡോക്ടർമാർ അറിയിച്ചു.

ചൊവ്വാഴ്ച വൈകിട്ട് അഞ്ചോടെയാണ് സംഭവം. മല്ലികാർജുന റാവുവിന്റെയും അനുഷയുടെയും മകനാണ് ചന്ദ്രശേഖർ. കുട്ടിയെ വീട്ടിൽനിന്ന് കാണാതായതോടെ വീട്ടുകാരും നാട്ടുകാരും തിരിച്ചിൽ ആരംഭിച്ചു. പൊലീസും ഇവർക്കൊപ്പം കൂടി. ഏറെ നേരത്തെ തിരച്ചിലിനൊടുവിലാണ് കുട്ടി കുഴൽക്കിണറിൽ വീണിരിക്കുന്നെന്ന നിഗമനത്തിൽ എത്തിയത്. വീടിനടുത്ത് മൂടിയില്ലാതെ കിടന്നിരുന്ന കുഴൽക്കിണറാണ് വില്ലനായത്. ഞൊടിയിടയിൽ രക്ഷാപ്രവർത്തനം ആരംഭിച്ചു. എന്നാൽ, ബുധനാഴ്ച പുലർച്ചെ മൂന്നോടെയാണ് കുഞ്ഞ് ജീവനോടെയിരിപ്പുണ്ടെന്ന് മനസ്സിലായത്. കിണറിന്റെ 15 അടി താഴ്ചയിലാണ് ചന്ദ്രശേഖർ കുടുങ്ങിക്കിടന്നത്.

ദേശീയ ദുരന്തനിവാരണ സംഘമാണ് (എൻഡിആർഎഫ്) സൂക്ഷ്മമായ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്. എൻഡിആർഎഫ് സേനാംഗങ്ങൾ കുഴൽക്കിണറിന് അകത്തേക്ക് ഓക്സിജൻ ട്യൂബുകൾ ഇട്ടുകൊടുത്തു. കുഞ്ഞ് ശ്വസിക്കുന്നതായി ട്യൂബിൽ ഘടിപ്പിച്ച ചെറിയ കാമറയിലൂടെ കണ്ട് ഉറപ്പുവരുത്തി. മണ്ണുമാന്തി യന്ത്രമെത്തിച്ച് കുഴൽക്കിണറിന് സമാന്തരമായി 30 അടി താഴ്ചയിൽ കുഴിയുണ്ടാക്കി. കുഞ്ഞ് കിടക്കുന്ന സ്ഥലം മനസ്സിലാക്കി, പുതിയ കുഴിയിൽനിന്ന് കുഴൽക്കിണറിലേക്ക് ദ്വാരമുണ്ടാക്കി. 22 അടി താഴ്ചയിലാണ് ദ്വാരമുണ്ടാക്കിയത്.

ഈ ദ്വാരത്തിലൂടെ കുഴൽക്കിണറിൽ പ്രവേശിച്ച് കുഞ്ഞിനെ സുരക്ഷിതമായി മുകളിലെത്തിച്ചു. മൊബൈൽ വൈദ്യസംഘം പ്രാഥമിക ശുശ്രൂഷ നൽകിയശേഷം കുഞ്ഞിനെ മാതാപിതാക്കളെ ഏൽപ്പിച്ചു. കൈകളിൽ ചെറിയ പോറൽ മാത്രമാണ് കുഞ്ഞിനുണ്ടായിരുന്നതെന്ന് പൊലീസ് പറഞ്ഞു. 'ദൈവമാണ് ഞങ്ങളുെട മകനെ രക്ഷിച്ചത്'- പുന്നാരമോനെ കെട്ടിപ്പിടിച്ച് ഉമ്മവച്ച് മല്ലികാർജുന റാവുവും അനുഷയും പറഞ്ഞു. രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയ കൃഷിമന്ത്രി പി. പുല്ലാ റാവു പറഞ്ഞത് ഇങ്ങനെയാണ്, 'ഇതൊരു അദ്ഭുതമാണ്'.