കൊലയാളി ഗെയിം 10 വര്‍ഷം മുന്‍പും; മകന്‍ ഇരയെന്ന് എഴുത്തുകാരി സരോജം

തിരുവനന്തപുരം∙ പത്തുവർഷം മുമ്പുതന്നെ 'കൊലയാളി ഗെയി'മുകൾ കേരളത്തിൽ ജീവനെടുത്തു തുടങ്ങിയിരുന്നുവെന്ന് വെളിപ്പെടുത്തൽ. തന്റെ മകൻ കംപ്യൂട്ടർ ഗെയിമിന്റെ ചതിക്കുഴിയിൽപെട്ടാണ് ആത്മഹത്യ ചെയ്തതെന്ന് വനംവകുപ്പ് മുൻ ഡപ്യൂട്ടി സെക്രട്ടറിയും എഴുത്തുകാരിയുമായ എസ്.സരോജം പറഞ്ഞു. ആറാം തവണയാണ് ശ്രമം വിജയിച്ചതെന്നും ഒാരോ തവണയും നെറ്റിലൂടെ മകന് നിർദേശങ്ങൾ ലഭിച്ചിരുന്നുവെന്നും സരോജം പറയുന്നു. 

ഇന്റർനെറ്റൊന്നും അത്ര പരിചിതമാകാത്ത കാലം. പക്ഷെ ചെറുപ്പം മുതലേ കംപ്യൂട്ടറിൽ അസാമാന്യമായ പരിജ്ഞാനമുണ്ടായിരുന്ന മകൻ അനീഷ് ബാബുവിന് സൈബർ ലോകത്തെ എല്ലാവഴികളും പരിചിതമായിരുന്നു. ആ ഭ്രമമായിരുന്നു മകനെ ഗെയിമുകളിലേക്കെത്തിച്ചത്. ഗെയിമിന് അടിമപ്പെട്ടതിനുശേഷം ആറുമാസത്തിനിടയിൽ ആറ് ആത്മഹത്യാശ്രമങ്ങൾ നടന്നു. ഒാരോന്നു പരാജയപ്പെടുമ്പോഴും അടുത്തതവണ വിജയിക്കാനുള്ള മാർഗങ്ങൾ ഗെയിം അഡ്മിൻ നൽകിയിരുന്നു. അഞ്ചാമത്തേതും പരാജയപ്പെട്ടശേഷമാണ് ഇന്റർനെറ്റിലെ ഇടപെടൽ താനറിയുന്നത്.

പ്ലാസ്റ്റിക് കവർ കഴുത്തുവരെ മൂടിയായിരുന്നു 27 കാരനായ അനീഷിന്റെ മരണം. അതും ഒരു തെളിവുപോലും അവശേ·ഷിപ്പിക്കാതെ. അന്നുതന്നെ പുറം ലോകത്തോട് ഇതെല്ലാം വിളിച്ചുപറയണമെന്നുണ്ടായിരുന്നു. പക്ഷെ അറിയാത്തവർ അറിയാതിരിക്കട്ടെയെന്ന് ചിന്തിച്ചു. കഴിഞ്ഞദിവസം ബ്ലൂ വെയ്ൽ ഗെയിമിനെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നപ്പോഴാണ് ഇക്കാര്യം തുറന്നുപറയണമെന്ന് തോന്നിയതെന്നും എസ്.സരോജം പറഞ്ഞു.