മോദിക്കു വേണ്ടത് ‘സ്വച്ഛ് ഭാരത്’, ജനത്തിന് ആവശ്യം ‘സച്ച് ഭാരത്’: രാഹുൽ ഗാന്ധി

ന്യൂഡൽഹി ∙ വാഗ്ദാനങ്ങൾ പാലിക്കാത്ത കേന്ദ്രസർക്കാരിനെ വിമർശിച്ച് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ‘സ്വച്ഛ് ഭാരത് (ശുചിത്വ ഭാരതം)’ ആണ് സൃഷ്ടിക്കേണ്ടത്. പക്ഷേ, ജനങ്ങൾക്ക് ‘സച്ച് ഭാരത് (സത്യമുള്ള ഭാരതം)’ ആണ് വേണ്ടത്. എപ്പോഴും മോദി കള്ളം മാത്രമാണ് പറയുന്നതെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. ശരദ് യാദവിന്റെ നേതൃത്വത്തിൽ ചേർന്ന ഡിഎംകെ ഒഴികെയുള്ള പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിനുശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

അഴിമതിക്കെതിരെ പോരാടുമെന്നും തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും ബിജെപി വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ അവരുടെ ഈ തിര‍ഞ്ഞെടുപ്പു വാഗ്ദാനങ്ങളൊന്നും പാലിക്കപ്പെട്ടില്ല. സ്വന്തം സിദ്ധാന്തങ്ങൾ വച്ച് തിര‍ഞ്ഞെടുപ്പിനെ നേരിടാനാകില്ലെന്ന് ആർഎസ്എസിന് അറിയാം. അതിനാലാണ് നിർണായക സ്ഥാനങ്ങളിലെല്ലാം അവരുടെ ആളുകളെ നിയമിക്കുന്നത് – രാഷ്ട്രപതി സ്ഥാനാർഥിത്വത്തെ വിമർശിച്ച് രാഹുൽ പറഞ്ഞു. ഭരണഘടന തിരുത്തിയെഴുതാനാണ് ആര്‍എസ്എസിന്റെ നീക്കം. ജുഡീഷ്യറിയില്‍ ഉള്‍പ്പെടെ സ്വന്തക്കാരെ തിരുകിക്കയറ്റാനാണ് ശ്രമമെന്നും രാഹുൽ ആരോപിച്ചു.

അതേസമയം, പ്രതിപക്ഷ യോഗം ഭീരുക്കളുടെ സഖ്യമാണെന്ന് ബിജെപി വിമർശിച്ചു. അവർ ഇനിയും തിര‍ഞ്ഞെടുപ്പിൽ തോൽക്കും. ഇത് ഭീരുക്കളുടെ സഖ്യമാണെന്നും മോദി അവർക്കു ഭയമാണെന്നും മന്ത്രി രവിശങ്കർ പ്രസാദ് പറഞ്ഞു.