ഹാദിയയുടെ മതംമാറ്റ വിവാഹം: എന്‍ഐഎ കേസ് റജിസ്റ്റർ ചെയ്തു

കൊച്ചി ∙ ഹാദിയയുടെ മതംമാറ്റവും വിവാഹവും അന്വേഷിക്കാൻ ദേശീയ അന്വേഷണ ഏജൻസി (എന്‍ഐഎ) കേസെടുത്തു. സുപ്രീംകോടതി വിധിയനുസരിച്ച് റജിസ്റ്റര്‍ ചെയ്ത എഫ്ഐആര്‍ കൊച്ചി എന്‍ഐഎ കോടതിയില്‍ സമ‌ർപ്പിച്ചു. ഹാദിയയുടെ സുഹൃത്ത് ജസ്നയുടെ പിതാവ് മലപ്പുറം സ്വദേശി ചെറക്കപ്പറമ്പ് അബൂബക്കറിനെ പ്രതിയാക്കിയാണ് എഫ്ഐആര്‍. ഇദ്ദേഹത്തിനെതിരെ മതസൗഹാര്‍ദം തകര്‍ക്കല്‍, ഇതരമതങ്ങളെ അപമാനിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്. 2016ൽ പെരിന്തൽമണ്ണ പൊലീസ് റജിസ്റ്റർ ചെയ്ത എഫ്ഐആർ തന്നെയാണ് എൻഐഎ അന്വേഷണം ഏറ്റെടുത്തതിന്റെ ഭാഗമായി കോടതിയിൽ സമർപ്പിച്ചത്.

വൈക്കം സ്വദേശി അശോകന്റെ മകൾ അഖിലയാണു മതം മാറി ഹാദിയ ആയത്. മതം മാറാൻ അഖിലയെ പ്രലോഭിപ്പിച്ചത് അബൂബക്കറാണെന്നാണു പിതാവ് അശോകന്റെ പരാതിയിൽ പറയുന്നത്. ഹാദിയയെ കാണാതായ സംഭവത്തിലാണ് അശോകന്റെ പരാതിയിൽ പൊലീസ് ആദ്യം കേസ് റജിസ്റ്റർ ചെയ്തത്. സേലത്തു പഠിക്കാൻ പോയപ്പോഴാണു സംഭവം.

മതം മാറ്റത്തിനു ശേഷം ഹാദിയ കഴിഞ്ഞ ഡിസംബറിൽ ഷഫീൻ ജഹാനെ വിവാഹം കഴിച്ചു. ഈ വിവാഹം കഴിഞ്ഞ മേയിൽ ഹൈക്കോടതി റദ്ദാക്കി. ഷഫീൻ ജഹാന്റെ അപ്പീലിലാണു സുപ്രീം കോടതി എൻഐഎ അന്വേഷണത്തിന് ഉത്തരവിട്ടത്. റിട്ട. ജ‍ഡ്ജി ആർ.വി.രവീന്ദ്രനാണു സുപ്രീം കോടതിയുടെ നിർദേശ പ്രകാരം അന്വേഷണത്തിനു മേൽനോട്ടച്ചുമതല വഹിക്കുന്നത്.