പൊലീസ് ജനത്തെ ‘സർ’ എന്ന് വിളിക്കണം: മനുഷ്യാവകാശ കമ്മിഷൻ

കോഴിക്കോട് ∙ പൊലീസുകാർ പൊതുജനത്തെ സർ, മാഡം എന്നു വിളിക്കണമെന്നു സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ. വിദേശ രാജ്യങ്ങളിൽ പൊലീസ് ജനങ്ങളോട് മാന്യമായി പെരുമാറുമ്പോൾ ഇവിടെ എടാ, പോടാ വിളികളാണ്. ജനമൈത്രി പൊലീസ് ഉദ്യോഗസ്ഥർ പോലും ഇങ്ങനെ പെരുമാറുന്നതായി കമ്മിഷനു‍ പരാതി ലഭിച്ചിട്ടുണ്ടെന്ന് ആക്ടിങ് ചെയർമാൻ പി. മോഹനദാസ് പറഞ്ഞു.

പൊതുജനത്തോട് എങ്ങനെ പെരുമാറണമെന്നതു സംബന്ധിച്ച് സേനയിൽ ചേരുമ്പോൾ തന്നെ പൊലീസുകാർ‌ക്ക് പരിശീലനം നൽകാൻ ഡിജിപിയോട് നിർദേശിക്കുമെന്നും അദ്ദേഹം പറഞ്ഞ​ു. പൊലീസിന്റെ പെരുമാറ്റം സംബന്ധിച്ച് ഹാം ഓഫ് ജോയ് മാനേജിങ് ട്രസ്റ്റി ജി. അനൂപിന്റെ പരാതി പരിഗണിക്കവെയായിരുന്നു കമ്മിഷൻ ഇതു സംബന്ധിച്ച പരാമർശങ്ങൾ നടത്തിയത്.