മുത്തലാഖ് ഭരണഘടനാ വിരുദ്ധമെന്ന് സുപ്രീം കോടതി; നിയമനിർമാണം നടത്തണം

Representational image

ന്യൂഡല്‍ഹി∙ മുസ്‌ലിം സ്ത്രീകളുടെ മൗലികാവകാശവും അന്തസ്സും ലംഘിക്കുന്നതാണോ മുത്തലാഖ് എന്ന വിഷയത്തിൽ നിലപാടു വ്യക്തമാക്കി സുപ്രീം കോടതി ഭരണഘടനാ ബെഞ്ച്. മുത്തലാഖ് അസാധുവും നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണെന്നു ഭരണഘടനാ ബെഞ്ചിലെ ജസ്റ്റിസുമാരായ റോഹിന്റൺ ഫാലി നരിമാൻ, കുര്യൻ ജോസഫ്, യു.യു. ലളിത് എന്നിവർ വിധിയെഴുതിയപ്പോൾ ചീഫ് ജസ്റ്റിസ് ജെ.എസ്. കേഹാർ, ജസ്റ്റിസ് എസ്. അബ്ദുൽ നസീർ എന്നിവർ എതിർത്തു.

വിവിധ മുസ്‌ലിം രാജ്യങ്ങളിൽ മുത്തലാഖ് നിയമവിരുദ്ധമാണ്. പിന്നെന്തുകൊണ്ടാണ് ഇന്ത്യയ്ക്ക് അതിൽനിന്നു മാറാനാകാത്തത്? സുപ്രീം കോടതി ചോദിച്ചു. ആയിരം പേജോളം വരുന്നതായിരുന്നു സുപ്രീം കോടതിയുടെ വിധി ന്യായം.

മുത്തലാഖ് നിരോധിക്കാൻ ആവശ്യമെങ്കിൽ ആറുമാസത്തിനകം നിയമനിർമാണം നടത്തണമെന്നു ജഡ്ജിമാരായ ജെ.എസ്. കേഹാറും ജസ്റ്റിസ് എസ്. അബ്ദുൽ നസീറും കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു. ഭരണഘടനയുടെ 14, 15, 21, 25 അനുച്ഛേദങ്ങൾ മുത്തലാഖ് ലംഘിക്കുന്നില്ല. മുത്തലാഖ് ആയിരം വർഷത്തിലധികമായി സുന്നി വിഭാഗത്തിന്റെ ഭാഗമാണെന്നും മുസ്‌ലിം വ്യക്തിനിയമത്തിന്റെ പരിധിയിൽപ്പെടുന്നതാണെന്നും ഇരുവരും വിലയിരുത്തി.

മുത്തലാഖ് വിഷയത്തിൽ സുപ്രീം കോടതി വിധി പൂർണരൂപം വായിക്കാം

പുതിയ നിയമം നിലവിൽ വരുന്നതുവരെ ആറുമാസത്തേക്കു മുത്തലാഖിനു വിലക്കും ഏർപ്പെടുത്തി. ആറുമാസത്തിനുള്ളിൽ നിയമനിർമാണം നടത്തിയില്ലെങ്കിൽ ഈ വിലക്കു തുടരും. മുസ്‌ലിം വ്യക്തിനിയമം മനസ്സിലാക്കി വേണം നിയമനിർമാണം നടത്തേണ്ടതെന്നും രാഷ്ട്രീയ പാർട്ടികൾ വ്യത്യാസങ്ങൾ മാറ്റിവച്ച് നിയമനിർമാണത്തിനു കേന്ദ്രത്തിനു പിന്തുണ നൽകണമെന്നും ഇരുവരും വിധിന്യായത്തിൽ ആവശ്യപ്പെട്ടു.

ഖുറാന്റെ അടിസ്ഥാന തത്വങ്ങൾക്ക് എതിരാണ് മുത്തലാഖ് എന്ന് ജസ്റ്റിസുമാരായ റോഹിന്റൺ ഫാലി നരിമാൻ, കുര്യൻ ജോസഫ്, യു.യു. ലളിത് എന്നിവർ വ്യക്തമാക്കി. ഖുറാന് എതിരായതായതിനാൽ മുത്തലാഖ് അംഗീകരിക്കാനാകില്ല. പ്രത്യക്ഷമായി വസ്തുനിഷ്ഠമല്ലാത്തതും ഭരണഘടനാ വിരുദ്ധവുമായതിനാൽ മുത്തലാഖ് നിരോധിക്കണമെന്നും മൂവരും ആവശ്യപ്പെട്ടു.

മുത്തലാഖിലൂടെ വിവാഹമോചിതരായ ഉത്തര്‍പ്രദേശിലെ സൈറ ബാനു ഉള്‍പ്പെടെ മുസ‌്‌ലിം സമുദായാംഗങ്ങളായ സ്ത്രീകളാണു മുത്തലാഖ് നിരോധിക്കണമെന്നാവശ്യപ്പെട്ടു സുപ്രീം കോടതിയെ സമീപിച്ചത്.