ജയിലിൽനിന്നു ശശികല പോയിരുന്നത് എംഎൽഎയുടെ വീട്ടിലേക്ക്: ഡിഐജി ഡി. രൂപ

ഡി. രൂപ

ബെംഗളൂരു∙ വി.കെ. ശശികല പരപ്പന അഗ്രഹാര ജയിലിൽനിന്ന് പുറത്തേക്കു പോയിരുന്നുവെന്നും അത് സമീപമുള്ള ഒരു എംഎൽഎയുടെ വീട്ടിലേക്കായിരുന്നുവെന്നും മുൻ ജയിൽ ഡിഐജി: ഡി. രൂപ. ഇതു തെളിയിക്കാനാവശ്യമായ വ്യക്തമായ തെളിവുകൾ കൈവശമുണ്ടെന്നും അഴിമതി വിരുദ്ധ ബ്യൂറോയ്ക്കു (എസിബി) നൽകിയ റിപ്പോർട്ടിൽ ഡിഐജി വ്യക്തമാക്കി. ജയിലിനു സമീപമുള്ള വീട് ഹൊസൂർ എംഎൽഎയുടേതാണെന്നും റിപ്പോർട്ടിലുണ്ട്.

ജയിലിന്റെ കവാടത്തിലുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാകും. ജയിലിന്റെ ഒന്നും രണ്ടും ഗേറ്റുകൾക്കിടയിലുള്ള ക്യാമറകളിലെ ദൃശ്യങ്ങളും പരിശോധിക്കണം. ശശികലയും ഇളവരശിയും തടവുപുള്ളികൾക്കുള്ള വസ്ത്രം ധരിക്കാതെ സിവിലിയൻ വസ്ത്രങ്ങൾ ധരിച്ചു പുറത്തുനിന്ന് ജയിലിനുള്ളിലേക്കു നടന്നുവരുന്നതിന്റെ ദൃശ്യങ്ങൾ ഡി. രൂപ അഴിമതി വിരുദ്ധ ബ്യൂറോയ്ക്കു കൈമാറിയിരുന്നു. ഇവർ ജയിലിലൂടെ നടക്കുന്ന ദൃശ്യങ്ങളും ഇതിൽ ഉൾപ്പെടുന്നു. നാലു വിഡിയോകളാണ് രൂപ കൈമാറിയത്.

അനധികൃത സ്വത്തുസമ്പാദനക്കേസിൽ തടവിൽ കഴിയുകയാണ് വി.കെ. ശശികലയും ബന്ധു ഇളവരശിയും. നാലു വർഷത്തെ തടവുശിക്ഷയ്ക്കായി ഫെബ്രുവരിയിലാണ് ശശികലയും ഇളവരശിയും ബന്ധുവായ വി.എൻ. സുധാകരനും പരപ്പന അഗ്രഹാര ജയിലിൽ എത്തിയത്. അതിനിടെ, ജയിൽ ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ശശികല നൽകിയ പുനഃപരിശോധനാ ഹർജി സുപ്രീം കോടതി തള്ളി.