ലോധ കമ്മിറ്റി നിർദേശങ്ങൾ: ബിസിസിഐ പുതിയ ഭരണഘടന ഉണ്ടാക്കണമെന്ന് സുപ്രീം കോടതി

ന്യൂഡൽഹി∙ ജസ്റ്റിസ് ആർ.എം. ലോധ കമ്മിറ്റിയുടെ നിർദേശങ്ങൾക്ക് അനുസരിച്ചു പുതിയ ഭരണഘടന തയാറാക്കാൻ ബിസിസിഐയെ നിയന്ത്രിക്കുന്ന ഭരണസമിതിയോടു സുപ്രീം കോടതി ആവശ്യപ്പെട്ടു. ജസ്റ്റിസുമാരായ ദീപക് മിശ്ര, എ.എം. ഖാൻവിൽക്കർ, ഡി.വി. ചന്ദ്രചൂഢ് എന്നിവരടങ്ങിയ ബെഞ്ചാണു ഭരണഘടനയുടെ കരടുരൂപം തയാറാക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്. 2016 ജൂലൈ 18ലെ നിർദേശങ്ങളും 2017 ജൂലൈ 24ലെ ഉത്തരവും അടിസ്ഥാനമാക്കിവേണം കരട് തയാറാക്കാൻ. ഈ ഉത്തരവ് അനുസരിച്ച് ഒരു സംസ്ഥാനം ഒരു വോട്ട് നയവും സിലക്‌ഷൻ കമ്മിറ്റിയുടെ അംഗബലവും മറ്റും പുനഃപരിശോധിക്കുമെന്ന് ബിസിസിഐ നേരത്തേ, അംഗീകരിച്ചിരുന്നു.

ഓഗസ്റ്റ് 30നുള്ളിൽ കരട് തയാറാക്കണമെന്നാണു കോടതിയുടെ ഉത്തരവ്. സെപ്റ്റംബർ 19നു വിഷയം കോടതി വീണ്ടും പരിഗണിക്കും. കരടിന്റെ പകർപ്പ് ബിസിസിഐയെ പ്രതിനിധീകരിക്കുന്ന അഭിഭാഷകർക്കും സംസ്ഥാന ഘടകങ്ങൾക്കും മറ്റുള്ളവർക്കും നൽകണം. എന്തെങ്കിലും നിർദേശങ്ങൾ ഇവർക്കു അറിയിക്കാനുണ്ടെങ്കിൽ എഴുതിത്തയാറാക്കി നൽകണം. ഇവയെല്ലാം പട്ടികയാക്കിയശേഷം അമിക്കസ് ക്യൂറി ഗോപാൽ സുബ്രഹ്മണ്യം മറുപടി നൽകണമെന്നും കോടതി നിർദേശിക്കുന്നു.

അതോടൊപ്പം, സുപ്രീം കോടതി നിയോഗിച്ച ഭരണസമിതിയിൽനിന്നു രാജിവച്ചുപോയ ചരിത്രകാരൻ രാമചന്ദ്രഗുഹയുടെയും വിക്രം ലിമായയുടെയും ഒഴിവിൽ പുതിയ ആളുകളെ സെപ്റ്റംബറിൽ വാദംകേൾക്കുന്നതിനുമുൻപ് നിയമിക്കണമെന്നും കോടതി നിർദേശം നൽകി. ലോധ കമ്മിറ്റി നിർദേശങ്ങൾ എന്തുകൊണ്ടു നടപ്പാക്കുന്നില്ലെന്നു വിശദീകരിക്കണമെന്നു കാട്ടി ബിസിസിഐ ആക്ടിങ് പ്രസിഡന്റ് സി.കെ. ഖന്ന, ആക്ടിങ് സെക്രട്ടറി അമിതാഭ് ചൗധരി, ട്രഷറർ അനിരുദ്ധ ചൗധരി തുടങ്ങിയവർക്കു കോടതി നോട്ടിസ് അയച്ചിട്ടുണ്ട്. എതിർപ്പുള്ള മൂന്നു നിർദേശങ്ങളൊഴികെയുള്ളവ ബിസിസിഐ നടപ്പാക്കുമെന്നും പ്രതീക്ഷിക്കുന്നതായി ജസ്റ്റിസ് ദീപക് മിശ്ര വാദത്തിനിടെ പറഞ്ഞിരുന്നു.

ജൂലൈ 26നു ചേർന്ന ബിസിസിഐയുടെ പ്രത്യേക ജനറൽ ബോഡി യോഗം ലോധ കമ്മിറ്റി നിർദേശങ്ങളോടുള്ള കോടതി ഉത്തരവു നടപ്പാക്കുന്ന കാര്യത്തിൽ തീരുമാനം ഒന്നുമെടുത്തില്ലെന്നും ഗോപാൽ സുബ്രഹ്മണ്യം അറിയിച്ചു.