ജിഎസ്ടി: കേരളത്തിന് കിട്ടിയത് 500 കോടി രൂപ

തിരുവനന്തപുരം∙ ചരിത്രത്തിലെ ഏറ്റവും വലിയ നികുതി പരിഷ്കാരമായ വാറ്റിൽ നിന്നു ജിഎസ്ടിയിലേക്കുള്ള മാറ്റത്തിനു ശേഷം സംസ്ഥാനത്തിനു ലഭിച്ച നികുതി വരുമാനം 500 കോടി രൂപ. മുൻപ്, പ്രതിമാസം ശരാശരി 1200 കോടിയോളം രൂപ വാറ്റ് നികുതിയായി ലഭിച്ചിരുന്നിടത്താണു നികുതി ഒറ്റയടിക്കു പകുതിയായി താഴ്ന്നത്.

എന്നാൽ, വ്യാപാരികൾക്കു നികുതി അടയ്ക്കാൻ ഇനിയും അവസരമുള്ളതിനാലും കേന്ദ്രം പിരിച്ച ഐജിഎസ്ടിയുടെ പങ്ക് ലഭിക്കാനുള്ളതിനാലും ആദ്യ മാസമായ ജൂലൈയിലെ നികുതി 1000 കോടി കവിയുമെന്നാണു പ്രതീക്ഷയെന്നു ജിഎസ്ടി വകുപ്പ് വൃത്തങ്ങൾ വ്യക്തമാക്കി. ഇന്നാണു പിഴ കൂടാതെ വ്യാപാരികൾക്കു ജിഎസ്ടി അടയ്ക്കാനുള്ള അവസാന തീയതി.

സംസ്ഥാനത്തു രണ്ടര ലക്ഷം വ്യാപാരികളാണ് ഇപ്പോൾ ജിഎസ്ടി ശൃംഖലയ്ക്കു കീഴിലുള്ളത്. ഇതിൽ 80,000 പേർ ഇതുവരെ ജൂലൈയിലെ റിട്ടേൺ സമർപ്പിച്ചു. ഇവരിൽ നികുതി അടച്ചവരാകട്ടെ 30,000 പേരും. ഇവർ 1000 കോടിയോളം രൂപ നികുതിയായി അടച്ചപ്പോഴാണു സംസ്ഥാന വിഹിതമായ 500 കോടി ലഭിച്ചത്. ബാക്കി, കേന്ദ്രത്തിനു റിട്ടേൺ നൽകിയവരിൽ അര ലക്ഷത്തോളം വ്യാപാരികൾ ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് അവകാശപ്പെടുന്നതിനാൽ ഇനി കാര്യമായി നികുതി അടയ്ക്കേണ്ടി വരില്ല. റിട്ടേൺ സമർപ്പിക്കാനുള്ളവരിൽ പകുതിയിലേറെ പേർ ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് അവകാശപ്പെടുമെന്നാണു കരുതുന്നത്. അങ്ങനെയെങ്കിൽ അവരിൽ നിന്നു ജൂലൈ മാസത്തേക്കു കാര്യമായ നികുതി ലഭിക്കാനിടയില്ല.

കേരളത്തിലേക്ക് ഉൽപന്നങ്ങൾ എത്തിച്ച ഇതര സംസ്ഥാനത്തെ വ്യാപാരികളിൽ നിന്നുള്ള നികുതിയുടെ വിഹിതം ഇതുവരെ കേന്ദ്രം സംസ്ഥാനങ്ങൾക്കു കൈമാറിയിട്ടില്ല. ഇതുകൂടി ലഭിക്കുമ്പോൾ വരുമാനം ഇരട്ടിയാകുമെന്നാണു കണക്കുകൂട്ടൽ. അങ്ങനെ വരുമ്പോൾ മുൻപ് വാറ്റിൽ നിന്നു ലഭിച്ചിരുന്നത്ര നികുതി ജിഎസ്ടി വഴിയും കേരളത്തിനു കിട്ടും. ജിഎസ്ടി വരുന്നതോടെ സർക്കാർ പ്രതീക്ഷിച്ച 20% വർധന നടപ്പാകുമോ എന്നു കാത്തിരുന്നു കാണണം.