സ്വാശ്രയ മെഡിക്കൽ പ്രവേശനം: സുപ്രീംകോടതി ഇടക്കാല വിധി തിങ്കളാഴ്ച

ന്യൂഡൽഹി∙ സ്വാശ്രയ മെഡിക്കൽ പ്രവേശന വിഷയത്തിൽ തിങ്കളാഴ്ച ഇടക്കാല ഉത്തരവ് ഉണ്ടാകുമെന്ന് സുപ്രീം കോടതി. പ്രവേശനത്തിന്റെ സമയപരിധി നീട്ടാനാകില്ലെന്നു വ്യക്തമാക്കിയ കോടതി, ബോണ്ടാണോ ബാങ്ക് ഗ്യാരന്റിയാണോ സ്വീകരിക്കേണ്ടതെന്നും തീരുമാനിക്കുമെന്നും അറിയിച്ചു.

കരാർ ഒപ്പിടാത്ത മുഴുവൻ കോളജുകളുടെ കാര്യവും വിധിയിലുണ്ടാകുമെന്നും വ്യക്തമാക്കി. സ്വാശ്രയ ഫീസ് സംബന്ധിച്ചു ഹൈക്കോടതി നൽകിയ നിർദേശങ്ങൾക്കെതിരെ മെഡിക്കൽ മാനേജ്‌മെന്റ് അസോസിയേഷൻ സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് സുപ്രീം കോടതി ഇക്കാര്യം അറിയിച്ചത്.

സ്വാശ്രയ മെഡിക്കൽ സീറ്റുകളിലേക്ക് അഞ്ച് ലക്ഷം രൂപ ഫീസും ആറു ലക്ഷം രൂപ ബോണ്ടായോ, ബാങ്ക് ഗ്യാരന്റിയായോ നൽകാനുമാണു ഹൈക്കോടതി ഉത്തരവ്. ഇതു പര്യാപ്തമല്ലെന്നാണു മാനേജ്മെന്റുകളുടെ വാദം.