മുത്തലാഖ് വിധി: നിയമപോരാട്ടം നടത്തിയ ഇസ്രത് ജഹാന് സാമൂഹികവിലക്ക്

അഭിഭാഷക നാസിയ ഇലാഹി ഖാനൊപ്പം ഇസ്രത്ത് ജഹാൻ. ചിത്രം: ട്വിറ്റർ, രവീന്ദ്ര ജ‍ഡേജ

കൊൽക്കത്ത∙ മുത്തലാഖ് ഭരണഘടനാ വിരുദ്ധമാണെ സുപ്രധാന സുപ്രീം കോടതി വിധിയിലേക്കു നയിച്ച പരാതിക്കാരിക്കു നേരെ ‘ഭ്രഷ്ട്’ എന്ന് ആരോപണം. നിയമപോരാട്ടം നടത്തിയ അഞ്ച് സ്ത്രീകളിലൊരാളായ ഇസ്രത് ജഹാനു നേരെയാണു സാമൂഹികവിലക്കും സ്വഭാവഹത്യയും. നിയന്ത്രണങ്ങളും അപമാനപ്പെടുത്തലും പുതിയ പോരാട്ടത്തിലേക്കു വാതിൽ തുറക്കുകയാണെന്ന് ഇസ്രത്ത് ജഹാൻ ദേശീയ മാധ്യമത്തോടു പ്രതികരിച്ചു.

ഷെയറാ ബാനു, ഇസ്രത് ജഹാൻ, ഗുൽഷൻ പർവീൻ, അഫ്രീൻ റഹ്മാൻ, ആതിയ സബ്രി എന്നീ അഞ്ച് സ്ത്രീകളാണു മുത്തലാഖിനെതിരെ കോടതിയിലെത്തിയത്. മുത്തലാഖ് അസാധുവും നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണെന്നായിരുന്നു ഭരണഘടനാ ബെഞ്ചിന്റെ ഭൂരിപക്ഷ വിധി. മുത്തലാഖ് നിരോധിക്കാൻ ആവശ്യമെങ്കിൽ ആറുമാസത്തിനകം നിയമനിർമാണം നടത്തണമെന്നും കോടതി കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു.

തന്റെ സാധാരണ ജീവിതം സുപ്രീം കോടതി വിധിയോടെ തകിടം മറിഞ്ഞെന്ന് ഇസ്രത്ത് ജഹാൻ പറയുന്നു. സ്വഭാവം ചീത്തയാണെന്നും മറ്റും അപകീർത്തിപ്പെടുത്താനാണു ചിലർ ശ്രമിക്കുന്നത്. അയൽക്കാരും ബന്ധുക്കളുമാണ് മോശപ്പെടുത്താൻ മുൻപിൽ നിൽക്കുന്നത്. ‘ചീത്ത സ്ത്രീ’ എന്ന തരത്തിലുള്ള വിളികൾ നേരിട്ടുകേൾക്കേണ്ടി വന്നു. പുരുഷൻമാർക്കും ഇസ്‍ലാമിനും എതിരാണു താനെന്നു പറഞ്ഞുപരത്തുകയാണ്. അയൽക്കാർ ഇപ്പോൾ മിണ്ടുന്നില്ല. തന്റെ മുഖം മറയ്ക്കാനുള്ളതല്ല. ലോകം മുഴുവൻ കാണട്ടെയെന്നും ഇസ്രത് പറഞ്ഞു.

31 കാരിയായ ഇസ്രത്ത് ബംഗാളിലെ ഹൗറ സ്വദേശിയാണ്. സ്ത്രീധനം ഉപയോഗിച്ച് ഭർത്താവ് 2004ൽ വാങ്ങിയ വീട്ടിലാണ് ഇസ്രത്ത് കഴിയുന്നത്. 2015 ലാണ് ഇസ്രത്ത് ജഹാനെ ഭര്‍ത്താവ് മുർതസ മൊഴി ചൊല്ലിയത്. 15 വര്‍ഷത്തെ ദാമ്പത്യം ദുബായില്‍നിന്നും മൊബൈലിലൂടെ മൊഴി ചൊല്ലി അവസാനിപ്പിക്കുകയായിരുന്നു. ഇതിനെതിരെയാണ് ഇസ്രത് കോടതിയെ സമീപിച്ചത്. നാല് കുട്ടികളാണ് ഇവര്‍ക്കുള്ളത്. ഭർത്താവിന്റെ മൂത്ത സഹോദരനും കുടുംബവും ഇവരുടെ വീട്ടിൽത്തന്നെയാണു താമസം.

ഇസ്രത്തിനു മാത്രമല്ല, അവരുടെ വക്കാലത്ത് എടുത്ത അഭിഭാഷക നാസിയ ഇലാഹി ഖാന് എതിരെയും കളിയാക്കലുകളുണ്ട്. വിധി വന്നതിനുപിന്നാലെ നാസിയയെ കളിയാക്കുന്ന ട്രോളുകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയാണെന്നും ഇസ്രത്ത് ആരോപിച്ചു. എന്നാൽ ഇതൊന്നും തന്നെ തളർത്തില്ലെന്നാണ് ഇസ്രത് ജഹാന്റെ നിലപാട്.

‘സ്ത്രീകൾക്കായും ലിംഗതുല്യതയ്ക്കായും നീതിക്കും വേണ്ടി പോരാടും. നാലു വർഷമായി എന്റെ കുട്ടികളെ പഠിപ്പിക്കാനാവുന്നില്ല. പണമില്ലാത്തതാണു കാരണം. കുട്ടികളുടെ വിദ്യാഭ്യാസത്തിനും മറ്റുചെലവുകൾക്കുമുള്ള പണം ആവശ്യപ്പെട്ട് കേസ് കൊടുക്കാനിരിക്കുകയാണ്. വിദ്യാഭ്യാസം കുട്ടികളുടെ ജന്മാവകാശമാണ്’– ഇസ്രത് പറഞ്ഞു.