Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘ജാം തിയറി’യുമായി ജയ്റ്റ്‍ലി; രാജ്യത്തെ അസമത്വങ്ങൾക്ക് പുതിയ പരിഹാര മാർഗം

Minister Arun Jaitley

ന്യൂഡൽഹി ∙ ഇന്ത്യ നേരിടുന്ന സാമൂഹിക, സാമ്പത്തിക പ്രശ്നങ്ങൾക്കുള്ള പുതിയ പരിഹാര മാർഗവുമായി കേന്ദ്ര ധനകാര്യമന്ത്രി അരുൺ ജയ്റ്റ്‍ലി. ജൻധൻ അക്കൗണ്ട്– ആധാർ– മൊബൈൽ ത്രയം (JAM: J - Jan Dhan, A - Aadhar, M - Mobile) തീർക്കുന്ന നിശബ്ദ വിപ്ലവം, എല്ലാ ഇന്ത്യക്കാരെയും ഒന്നിപ്പിക്കുന്ന തലത്തിലേക്കു വളരുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ചരക്ക്, സേവന നികുതി (ജിഎസ്ടി) ഇന്ത്യയെ ഒരു ഏകീകൃത വ്യാപാര കേന്ദ്രമാക്കിയതു പോലെ സാമ്പത്തിക, സാമൂഹിക മേഖലകളിൽ രാജ്യത്തെ കൂടുതൽ ഏകീകൃത സ്വഭാവത്തിലേക്കു കൊണ്ടുവരാൻ ‘ജാ’മിനു സാധിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

പ്രധാനമന്ത്രി ജൻധൻ യോജനയുടെ മൂന്നാം വാർഷികത്തോട് അനുബന്ധിച്ച് സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് ജയ്റ്റ്‍ലിയുടെ ‘ജാം തിയറി’ ഇടം പിടിച്ചത്. ജിഎസ്ടി ഇന്ത്യയെ ഒന്നിപ്പിച്ചതുപോലെ ജൻധൻ–ആധാർ–മൊബൈൽ ത്രയവും എല്ലാ ഇന്ത്യക്കാരെയും ഏകോപിപ്പിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. തുടർന്നങ്ങോട്ട് ഒരു ഇന്ത്യക്കാരൻ പോലും മുഖ്യധാരയിൽനിന്ന് മാറിനിൽക്കേണ്ടിവരില്ലെന്നും ധനമന്ത്രി കുറിച്ചു. ‘ജാം’ എന്ന ആശയം ഒരർഥത്തിൽ സാമൂഹിക വിപ്ലവം തന്നെയാണെന്നും ജയ്റ്റ്‍ലി അഭിപ്രായപ്പെട്ടു. ഭരണ സംവിധാനത്തിലും സമ്പദ് വ്യവസ്ഥയിലും രാജ്യത്തെ പാവപ്പെട്ട ജനങ്ങളുടെ ജീവിതത്തിലും ചില ഗുണപരമായ മാറ്റങ്ങൾ വരുത്താൻ ഇതിനു സാധിക്കും.

ജൻധൻ അക്കൗണ്ട്– ആധാർ– മൊബൈൽ ത്രയവുമായി ബന്ധപ്പെട്ട് ‘1 ബില്യൺ – 1 ബില്യൺ – 1 ബില്യൺ’ എന്ന പുതിയൊരു ആശയവും ധനമന്ത്രി അവതരിപ്പിച്ചു. രാജ്യത്തെ ഒരു ബില്യൻ ആധാർ നമ്പറുകൾ ഒരു ബില്യൻ ബാങ്ക് അക്കൗണ്ടുകളുമായും ഒരു ബില്യൻ മൊബൈൽ നമ്പറുകളുമായും സംയോജിപ്പിക്കുന്നതിലൂടെയാണ് ഈ വിപ്ലവം പൂർത്തിയാകുകയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇത്തരമൊരു സംവിധാനം നിലവിൽ വരുന്നതോടെ, പാവപ്പെട്ടവർക്കുള്ള സർക്കാർ സഹായങ്ങൾ ഏറ്റവും മികച്ച രീതിയിൽ ലഭ്യമാക്കാൻ സാധിക്കുമെന്ന് ജയ്റ്റ്‍ലി ചൂണ്ടിക്കാട്ടി. സർക്കാരിൽനിന്നുള്ള സഹായം അർഹതപ്പെട്ടവരിലേക്ക് എത്തുന്നതിനിടെ സംഭവിക്കുന്ന ചില ‘ചോർച്ചകൾ’ തടയാൻ ഇത്തരമൊരു സംവിധാനം ഉപകാരപ്പെടുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

related stories