സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ദിപക് മിശ്ര ചുമതലയേറ്റു

ദിപക് മിശ്ര സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ചുമതലയേൽക്കുന്നു. ചിത്രം: എഎൻഐ, ട്വിറ്റർ

ന്യൂഡൽഹി ∙ സുപ്രീം കോടതിയുടെ 45–ാം ചീഫ് ജസ്റ്റിസായി ദിപക് മിശ്ര ചുമതലയേറ്റു. രാഷ്ട്രപതി ഭവനിലായിരുന്നു സത്യപ്രതി‍ജ്ഞാ ചടങ്ങുകൾ. ഒഡീഷയില്‍ നിന്നുളള മൂന്നാമത്തെ ചീഫ് ജസ്റ്റിസാണ് ദിപക് മിശ്ര. വിവാദ ഉത്തരവുകളിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട ജ‍ഡ്ജിയാണ് ഇദ്ദേഹം. സിനിമാ തിയറ്ററുകളില്‍ ദേശീയഗാനം നിര്‍ബന്ധമാക്കിയ വിധി പൊതുസമൂഹത്തില്‍ ചലനമുണ്ടാക്കി. അനുകൂലിച്ചും പ്രതികൂലിച്ചുമുളള പ്രതികരണങ്ങള്‍ രാഷ്ട്രീയമായും ഉപയോഗിക്കപ്പെട്ടു.

അര്‍ധരാത്രിയില്‍ സിറ്റിങ് നടത്തി മുംബൈ സ്ഫോടനക്കേസ് പ്രതി യാക്കൂബ് മേമന് വധശിക്ഷ നല്‍കാനുളള തീരുമാനം ശരിവച്ചതും ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ്. വിധി വന്ന് രണ്ടുമണിക്കൂറിനകം യാക്കൂബ് മേമനെ തൂക്കിലേറ്റി.

നിര്‍ഭയക്കേസ് പ്രതികള്‍ വധശിക്ഷയല്ലാതെ മറ്റൊന്നും അര്‍ഹിക്കുന്നില്ലെന്ന വിധി കയ്യടിയോടെയാണ് ബന്ധുക്കളും ജനവും സ്വീകരിച്ചത്. എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്ത് ഇരുപത്തിനാല് മണിക്കൂറിനകം പൊലീസിന്‍റെ ഔദ്യോഗിക വെബ്സൈറ്റില്‍ അപ്‍ലോഡ് ചെയ്യണമെന്ന ഉത്തരവ്, പകര്‍പ്പിനായി സ്റ്റേഷനുകള്‍ കയറിയിറങ്ങുന്ന പരാതിക്കാര്‍ക്ക് വലിയ ആശ്വാസമായി.

ശബരിമല സ്ത്രീപ്രവേശനക്കേസില്‍ ലിംഗ തുല്യതയ്ക്ക് ഊന്നല്‍ നല്‍കി നടത്തിയ നിരീക്ഷണങ്ങള്‍ ശ്രദ്ധേയമായി. അയോധ്യാ തര്‍ക്കം, ആധാര്‍ക്കേസ്, ജുഡീഷ്യറിയിലെ നിയമനങ്ങള്‍ തുടങ്ങി രാജ്യത്തെ സുപ്രധാനമായ കേസുകളാണ് ഇനി ദിപക് മിശ്രയ്ക്ക് മുന്നിലുളളത്. അടുത്തവര്‍ഷം ഒക്ടോബര്‍‌ രണ്ടുവരെയാണ് ദിപക് മിശ്രയുടെ കാലാവധി.