ഇന്ത്യൻ വംശജനായ എൻജിനീയറിങ് വിദ്യാർഥി യുഎസിൽ കുത്തേറ്റു മരിച്ചു

x-default

വാഷിങ്ടൻ ∙ ഇന്ത്യക്കാരനായ എൻ‌ജിനീയറിങ് വിദ്യാർഥി യുഎസിൽ കുത്തേറ്റു മരിച്ചു. പഠനത്തിനിടെയുള്ള ഇടവേളകളിൽ ടാക്സി ഡ്രൈവറായും ജോലി ചെയ്യുന്ന ഗംഗാദീപ് സിങ് (22) എന്നയാളാണു കൊല്ലപ്പെട്ടത്. ടാക്സിയിൽ യാത്രക്കാരനായി കയറിയ 19–കാരനാണ് ഗംഗാദീപിനെ കൊലപ്പെടുത്തിയത്. കൊലയ്ക്കു പിന്നിലെ പ്രകോപനം വ്യക്തമല്ല.

വാഷിങ്ടനിലെ സ്പോക്കേൻ രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് ഗംഗാദീപിന്റെ ടാക്സി വിളിച്ച ജേക്കബ് കോൾമാന്‍ എന്നയാളാണ് കൊലയാളിയെന്ന് പൊലീസ് തിരിച്ചറിഞ്ഞു. സ്പോക്കേനിലെ ഗോൺസാഗ സർവകലാശാലയിൽ പ്രവേശനം നേടുന്നതിനായി എത്തിയ കോൾമാന്, കോളജ് അധികൃതർ പ്രവേശനം നിഷേധിച്ചിരുന്നു. ഇതിൽ കലിപൂണ്ടാണ് ഇയാൾ കൊല നടത്തിയതെന്നു കരുതുന്നു.

മതിയായ രേഖകളില്ലെന്ന കാരണത്താലാണു കോൾമാന് കോളജിൽ പ്രവേശനം നൽകാൻ അധികൃതർ വിസമ്മതിച്ചതെന്നു പൊലീസ് അറിയിച്ചു. പഞ്ചാബിലെ ജലന്ധർ സ്വദേശിയായ ഗംഗാദീപ് സിങ്, 2003 മുതൽ യുഎസിലാണു താമസം. യുഎസിലെ ഇന്ത്യൻ‌–അമേരിക്കൻ വംശജരായ സിഖുകാർക്കെതിരെ നടക്കുന്ന അക്രമങ്ങളുടെ തുടർച്ചയാണ് ഈ കൊലപാതകം. ഇക്കഴിഞ്ഞ ജൂലൈയിൽ യുഎസിലെ കലിഫോർണിയയിൽ രണ്ടു സിഖ്–അമേരിക്കൻ വംശജർ വ്യത്യസ്ത സംഭവങ്ങളിൽ കൊല്ലപ്പെട്ടിരുന്നു.