ഒരേസമയം ചൈനയും പാക്കിസ്ഥാനുമായുള്ള യുദ്ധം തള്ളിക്കളയാനാകില്ല: സൈനിക മേധാവി

ജനറൽ ബിപിൻ റാവത്ത്

ന്യൂ‍ഡൽഹി∙ ഒരേസമയം ചൈനയും പാക്കിസ്ഥാനുമായുള്ള യുദ്ധം ഇന്ത്യയ്ക്കു തള്ളിക്കളയാനാകില്ലെന്നു സൈനിക മേധാവി ജനറൽ ബിപിൻ റാവത്ത്. പാക്കിസ്ഥാനുമായുള്ള വ്യത്യാസങ്ങളിൽ ഇനി ഇന്ത്യയ്ക്കു പൊരുത്തപ്പെടാനാകില്ല. പാക്കിസ്ഥാൻ ഇന്ത്യയ്ക്കെതിരെ നിഴൽയുദ്ധം ചെയ്തുകൊണ്ടിരിക്കുകയാണ്. ഇറച്ചി മുറിക്കുന്നതുപോലെയും മറ്റും ഇന്ത്യന്‍ ഭൂഖണ്ഡത്തെ അൽപ്പാൽപ്പമായി നശിപ്പിക്കാനാണ് ചൈനയുടെ ശ്രമവും, റാവത്ത് വ്യക്തമാക്കി. ഡൽഹിയിൽ ഒരു സെമിനാറിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചൈനയുടെ കാര്യത്തിൽ അവർ ശ്രമം തുടങ്ങി. പതിയെപ്പതിയെ നമ്മുടെ പ്രദേശങ്ങളിൽ അവർ അതിക്രമിച്ചുകടക്കാൻ ആരംഭിച്ചു. നമ്മുടെ ക്ഷമയെ അവർ പരീക്ഷിച്ചുനോക്കുകയാണ്. നമ്മൾ ജാഗരൂകരായി തയാറായിരിക്കണം. 70 ദിവസം നീണ്ടുനിന്ന ധോക് ലാ വിഷയം താൽക്കാലികമായി പരിഹരിക്കപ്പെട്ടെങ്കിലും ഇനിയും ഇന്ത്യയുമായി ഏറ്റുമുട്ടാൻ ചൈനീസ് സൈന്യത്തിനു മടിയില്ലെന്നാണു നിഗമനം. ചൈനയുമായി 4,057 കിലോമീറ്റർ അതിർത്തി (ലൈൻ ഓഫ് ആക്ച്വൽ കൺട്രോൾ) ആണ് ഇന്ത്യയ്ക്കുള്ളത്. ലഡാക്ക്, അരുണാചൽ പ്രദേശ് എന്നിവിടങ്ങളിൽ പ്രത്യേകിച്ചും ചൈനീസ് അധിനിവേശം ഉണ്ടായേക്കാം.

ചൈനീസ് അതിർത്തിയിലെ പ്രശ്നങ്ങളിലേക്കു ഇന്ത്യയുടെ ശ്രദ്ധ മാറുമ്പോൾ പാക്കിസ്ഥാൻ അതു മുതലെടുത്തേക്കാം. വടക്കൻ, പടിഞ്ഞാറൻ അതിർത്തികളിലെ പ്രശ്നങ്ങൾ നേരിടാൻ ഇന്ത്യ തയാറെടുത്തിരിക്കണം. ജനാധിപത്യ രാജ്യങ്ങളും ആണവ അയൽരാജ്യങ്ങളും യുദ്ധത്തിനു പോകില്ലെന്ന ചിന്ത മിഥ്യാധാരണയാണ്. അണ്വായുധങ്ങൾ ആക്രമണങ്ങളെ തടുക്കുന്ന ആയുധങ്ങളാണ്, റാവത്ത് വ്യക്തമാക്കി.