വംശീയ അതിക്രമം: മ്യാൻമറിന്റെ ആശങ്കയ്ക്കൊപ്പം പങ്കുചേരുന്നതായി പ്രധാനമന്ത്രി

കൂടിക്കാഴ്ചയ്ക്കുശേഷം, പ്രധാനമന്ത്രി നരേന്ദ്ര മോദിയും മ്യാൻമർ നേതാവ് ഓങ് സാൻ സുചിയും മാധ്യമങ്ങളെ കണ്ടപ്പോൾ.

നയ്ചിദോ (മ്യാൻമർ)∙ മ്യാൻമറിലെ റാഖൈൻ സംസ്ഥാനത്തു നടക്കുന്ന വംശീയ ആക്രമണത്തിൽ ആ രാജ്യത്തിന്റെ ആശങ്കയ്ക്കൊപ്പം പങ്കുചേരുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. മ്യാൻമർ നേതാവ് ഓങ് സാൻ സുചിയുമായി കൂടിക്കാഴ്ച നടത്തിയശേഷമാണ് മോദി ഇക്കാര്യം അറിയിച്ചത്. വംശീയ ആക്രമണത്തിന്റെ പേരിൽ മ്യാൻമറിലെ രോഹിൻഗ്യ മുസ്‌ലിംകൾ ബംഗ്ലദേശിലേക്കു കൂട്ടപ്പലായനം നടത്തുകയാണ്. ഒന്നര ലക്ഷത്തോളം അഭയാർഥികളാണ് ബംഗ്ലദേശിലേക്കു പലായനം ചെയ്തത്. ഈ പശ്ചാത്തലത്തിൽ മോദി നടത്തുന്ന സന്ദർശനം ലോകരാജ്യങ്ങൾ ഉറ്റുനോക്കുകയായിരുന്നു.

സുരക്ഷാസേനയ്ക്കെതിരായ ആക്രമണങ്ങളിൽ നിരപരാധികളുടെ ജീവിതമാണു ബാധിക്കപ്പെടുന്നതെന്നു മോദി വ്യക്തമാക്കി. ഇന്ത്യയ്ക്കും മ്യാൻമറിനും മേഖലയിൽ സമാന സുരക്ഷാ താൽപ്പര്യങ്ങളാണുള്ളത്. മ്യാൻമറിന്റെ അഖണ്ഡതയും ഐക്യവും സംരക്ഷിക്കുന്നതിന് എല്ലാവരും ചേർന്നു പ്രവർത്തിക്കുമെന്നു പ്രതീക്ഷ. അതോടൊപ്പം സമാധാനവും നീതിയും ജനാധിപത്യ മൂല്യങ്ങളും എല്ലാവർക്കും ലഭ്യമാക്കണമെന്നും മോദി കൂട്ടിച്ചേർത്തു.

മ്യാൻമർ പൗരൻമാർക്ക് ഇന്ത്യ ഗ്രാറ്റിസ് വീസകൾ ലഭ്യമാക്കുമെന്ന് ഇരുനേതാക്കളും തമ്മിലുള്ള ചർച്ചയിൽ തീരുമാനമായി. ഇന്ത്യയുടെ തടവിലുള്ള 40 മ്യാൻമർ പൗരന്മാരെ വിട്ടയയ്ക്കും. ഏതു വെല്ലുവിളിയിലും മ്യാന്‍മറിനൊപ്പമാണ് ഇന്ത്യയെന്നും മോദി അറിയിച്ചു.

രോഹിൻഗ്യ സമൂഹം

മ്യാൻമറിലെ വംശീയന്യൂനപക്ഷമാണു രോഹിൻഗ്യ മുസ്ലിംകൾ. പശ്ചിമ മ്യാൻമറിലെ റാഖൈൻ പ്രവിശ്യയിലാണ് ഏറ്റവുമധികം രോഹിൻഗ്യകൾ വസിക്കുന്നത്. ലോകത്ത് ഏറ്റവും പീഡിതരായ ജനതകളുടെ പട്ടികയിലാണ് ഐക്യരാഷ്ട്രസംഘടന ഇവരെ ഉൾപ്പെടുത്തിയിട്ടുള്ളത്. ബർമയിൽ കൃഷിയാവശ്യത്തിനും മറ്റുമായി ബ്രിട്ടിഷുകാർ കൊണ്ടുപോയ ബംഗാളി തൊഴിലാളികളാണു പൂർവികർ. 1982ൽ ബർമീസ് പൗരത്വനിയമം നിലവിൽ വന്നപ്പോൾ, മ്യാൻമറിലെ 135 വംശീയ വിഭാഗങ്ങൾക്ക് അംഗീകാരം നൽകിയെങ്കിലും ബംഗാളികളെന്നു മുദ്രകുത്തി രോഹിൻഗ്യകൾക്കു പൗരത്വം നിഷേധിക്കപ്പെട്ടു. ബംഗ്ലദേശ്, പാക്കിസ്ഥാൻ, മലേഷ്യ, ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലേക്ക് രോഹിൻഗ്യകൾ പലായനം ചെയ്തിട്ടുണ്ട്.

സൂചിക്ക് സമ്മാനം റിസർച്ച് പ്രബന്ധം

മ്യാന്‍മർ നേതാവ് ഓങ് സാൻ സൂചിയെ സന്ദർശിച്ച പ്രധാനമന്ത്രി അവർക്കു സമ്മാനമായി നൽകിയത് 1986ൽ ഇന്ത്യയിലെ പഠന സമയത്തു സമർപ്പിച്ച ഗവേഷണ പ്രബന്ധത്തിന്റെ പ്രത്യേക പതിപ്പ്. ഷിംലയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻഡ്സ് സ്റ്റഡിയിൽ 1986 മേയിലാണ് സൂചി ഈ പ്രബന്ധം സമർപ്പിച്ചത്. ഇന്ത്യയുമായി അവർക്കു മികച്ച ബന്ധമാണുള്ളത്. 1964ൽ ഡൽഹിയിലെ ലേഡി ശ്രീറാം കോളജിൽനിന്നാണ് അവർ ബിരുദമെടുത്തത്. ഭർത്താവ് മൈക്കിൾ ആരിസിനും മക്കളായ കിമ്മിനും അലക്സാണ്ടർക്കുമൊപ്പവും സൂചി ഷിംലയിൽ താമസിച്ചിട്ടുണ്ട്.