ദൈവത്തിനു നന്ദി: ഫാ.ടോം; സന്തോഷ വാർത്തയെന്ന് സുഷമയും പിണറായിയും

മസ്‌കത്ത് വിമാനത്താവളത്തില്‍ റോയല്‍ എയര്‍ഫോഴ്‌സ് ഒമാന്‍ വിമാനത്തില്‍ വന്നിറങ്ങുന്ന ടോം ഉഴുന്നാലിൽ.

മസ്കത്ത്∙ ഭീകരരുടെ പിടിയിൽനിന്നു മോചിതനായതിൽ ദൈവത്തിനു നന്ദിയെന്ന് ഫാദർ ടോം ഉഴുന്നാലിൽ. മോചിതനായി മസ്കത്തിൽ എത്തിയശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഒമാൻ സുൽത്താനും പ്രാർഥിച്ചവർക്കും നന്ദിയെന്നും അദ്ദേഹം വ്യക്തമാക്കി. ഭീകരരുടെ പിടിയിൽനിന്നു മോചിതനായ ഫാദർ ഉഴുന്നാലിൽ ഒമാൻ സൈനിക വിമാനത്തിലാണ് മസ്കത്തിലെത്തിയത്.

മോചനം സ്ഥിരീകരിച്ച കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്, കേൾക്കുന്നത് സന്തോഷ വാർത്തയെന്നു ട്വീറ്റ് ചെയ്തു. ടോം ഉഴുന്നാലിലിന്റെ മോചനം ഏറെ സന്തോഷകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയനും പ്രതികരിച്ചു. ഒമാന്റെ ഇടപെടലാണ് മോചനത്തിന് വഴിതെളിയിച്ചതെന്നു മനസിലാക്കുന്നു. കേരളത്തിൽ എത്തിയാലുടൻ ഫാ .ഉഴുന്നാലിലിന്റെ ചികിത്സകൾക്ക് എല്ലാവിധ സഹായങ്ങളും ഉണ്ടാകും. അദ്ദേഹത്തിന്റെ സുരക്ഷിതമായ മടങ്ങി വരവിൽ വിശ്വാസ സമൂഹത്തിന്റെയും പൊതുസമൂഹത്തിന്റെയും ആഹ്ലാദത്തിൽ പങ്കുചേരുന്നുവെന്നും മുഖ്യമന്ത്രി സമൂഹമാധ്യമത്തിൽ കുറിച്ചു.

ഫാദർ ടോം ഉഴുന്നാലിലിനെ മോചിപ്പിച്ചതിലുള്ള സന്തോഷത്തിൽ കേരളത്തിലെ മുഴുവൻ ജനങ്ങളോടൊപ്പം ബിജെപി പങ്കു ചേരുന്നുവെന്ന് സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ പറഞ്ഞു. നരേന്ദ്ര മോദി സർക്കാരിന്റെ പ്രത്യേകിച്ച് വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്റെ ആത്മാർഥമായ ശ്രമങ്ങളുടെ ഫലമാണ് ഫാദർ ഉഴുന്നാലിന്റെ മോചനം. മലയാളികളുടെയും ഭാരത സർക്കാരിന്റെയും വികാരങ്ങൾ ഉൾക്കൊണ്ട് സന്ദർഭോചിതമായി ഇടപെട്ട ഒമാൻ സർക്കാരിന്റെ പങ്ക് അഭിനന്ദാർഹമാണെന്നും കുമ്മനം പറഞ്ഞു.

18 മാസത്തിനുശേഷമാണ് ഫാദർ ടോം ഉഴുന്നാലിലിനു മോചനം സാധ്യമായത്. ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ഒമാന്‍ വിദേശകാര്യ മന്ത്രാലയം വിഷയത്തില്‍ ഇടപെട്ടാണ് മോചനം സാധ്യമാക്കിയത്. 2016 മാർച്ച് നാലിനാണ് ഫാദര്‍ ടോം ഉഴുന്നാലിനെ ഭീകരർ തട്ടിക്കൊണ്ടുപോയത്.