ജപ്പാൻ പ്രധാനമന്ത്രിക്ക് ഇന്ത്യയിൽ ഊഷ്മള വരവേൽപ്പ്; സ്വീകരിക്കാൻ മോദി നേരിട്ടെത്തി

ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെയെ അഹമ്മദാബാദ് വിമാനത്താവളത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിക്കുന്നു.

അഹമ്മദാബാദ്∙ ഇന്തോ – പസിഫിക് മേഖലയിൽ സമാധാനവും സമൃദ്ധിയും വാഗ്ദാനം ചെയ്ത് ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെ ഇന്ത്യയിൽ. ആഗോള മൂല്യങ്ങളും തന്ത്രപ്രധാന താൽപര്യങ്ങളും ഇന്ത്യയ്ക്കും ജപ്പാനും പ്രധാനപ്പെട്ടതാണ്. ഏഷ്യയിലെ പ്രധാനപ്പെട്ട ജനാധിപത്യ രാജ്യങ്ങളാണിരുവരും. ആഗോള ശക്തികളുമാണ്. ഇന്തോ – പസിഫിക് മേഖലയെയും ലോകത്തെയും സമാധാനത്തിലേക്കും സമൃദ്ധിയിക്കും നയിക്കാൻ ഇന്ത്യയ്ക്കും ജപ്പാനുമാകുമെന്നും ഗുജറാത്തിലെ അഹമ്മദാബാദിൽ ആബെ പറഞ്ഞു.

ആബെയ്ക്ക് ഊഷ്മള വരവേൽപ്പ്

ഇന്ത്യ - ജപ്പാൻ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കാനെത്തിയ ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെയ്ക്ക് അഹമ്മദാബാദിൽ ഊഷ്മള വരവേൽപ്പ്. പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം ആബെ നടത്തിയ റോഡ്ഷോ ചരിത്രസംഭവമായി. അഹമ്മദാബാദ് വിമാനത്താവളത്തിൽ വന്നിറങ്ങിയ ആബെയെ സ്വീകരിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രോട്ടോകോൾ മറികടന്നു വിമാനത്താവളത്തിൽ നേരിട്ടെത്തി. ശേഷം, ഇരുവരും തുറന്നവാഹനത്തില്‍ പുറത്തേക്കെത്തി സബർമതി ആശ്രമംവരെയുള്ള എട്ടുകിലോമീറ്റർ റോഡ്ഷോയും നടത്തി. ഒരു ഇന്ത്യൻ പ്രധാനമന്ത്രി മറ്റൊരു രാജ്യത്തിന്റെ പ്രധാനമന്ത്രിയുമായി ചേർന്നുനടത്തുന്ന ആദ്യ റോഡ് ഷോ കാണാൻ ജനങ്ങൾ റോഡ്‍ വശങ്ങളില്‍ തിങ്ങിക്കൂടി. സബർമതി ആശ്രമം കൂടാതെ, 16ാം നൂറ്റാണ്ടിൽ നിർമിച്ച ‘സിദ്ദി സയ്യിദ്ദീ നീ ജാലി’ പള്ളിയും ആബെ സന്ദർശിച്ചു.

ആബയ്ക്കൊപ്പം പ്രധാനമന്ത്രി നടത്തിയ റോഡ് ഷോ.

ജപ്പാനുമായുള്ള ബന്ധം ഇന്ത്യ ഏറെ വിലമതിക്കുന്നുവെന്ന് ആബെയുടെ സന്ദർശനത്തിനു മുന്നോടിയായി മോദി ട്വിറ്ററിൽ കുറിച്ചു. അഹമ്മദാബാദിൽ നടക്കുന്ന ഇന്ത്യ - ജപ്പാൻ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനാണ് ആബെ എത്തിയതെങ്കിലും, ജപ്പാന്‍റെ സഹായത്തോടെ ഇന്ത്യയിൽ ആദ്യമായി നിർമിക്കുന്ന ബുള്ളറ്റ് ട്രെയിനിന്റെ നിർമാണോദ്ഘാടനം ഉൾപ്പെടെ നിരവധി പരിപാടികളിലും അദ്ദേഹം സംബന്ധിക്കും. ഇരുരാജ്യങ്ങളും പരസ്പര സഹകരണം വർധിപ്പിക്കുന്നതിന്റെ ഭാഗമായി വിവിധ പദ്ധതികളിലും ഒപ്പുവയ്ക്കും. രണ്ടുദിവസമാണു സന്ദർശനം.

വരുന്നൂ, ഇന്ത്യയുടെ ആദ്യ ബുള്ളറ്റ് ട്രെയിൻ

ഇന്ത്യയുടെ യാത്രാസ്വപ്നങ്ങൾ അതിവേഗ പാളത്തിലേറി കുതിക്കാനൊരുങ്ങുന്നു. രാജ്യത്തെ ആദ്യ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്ക് വ്യാഴാഴ്ച തുടക്കമാകും. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെയും ചേർന്ന് പദ്ധതിക്ക് തറക്കല്ലിടും. അഹമ്മദാബാദിലാണു സ്വപ്നപദ്ധതിയുടെ തറക്കല്ലിടൽ ചടങ്ങ്. മുംബൈ-അഹമ്മദാബാദ് മേഖലകളെ ബന്ധിപ്പിക്കുന്ന ബുള്ളറ്റ് ട്രെയിൻ പാത 2023ല്‍ പൂര്‍ത്തിയാക്കാനാണു ഉദ്ദേശിക്കുന്നത്. മണിക്കൂറില്‍ 320 കിലോമീറ്റര്‍ വേഗതയിലായിരിക്കും ട്രെയിൻ സഞ്ചരിക്കുക. 2014ൽ അധികാരത്തിലേറിയപ്പോൾ നരേന്ദ്ര മോദി വാഗ്ദാനം ചെയ്ത മുഖ്യ വാഗ്ദാനങ്ങളിലൊന്നാണാണിത്. അതിവേഗ ട്രെയിൻ സർവീസുകളിൽ മുൻപന്തിയിലുള്ള രാജ്യമാണു ജപ്പാൻ. ലോകത്തിലെ ഏറ്റവും വേഗമേറിയ ട്രെയിനുകളിലൊന്നായ ഷിൻകാൻസെൻ ബുള്ളറ്റ് ട്രെയിൻ ജപ്പാന്റേതാണ്. ബുള്ളറ്റ് ട്രെയിൻ പദ്ധതിക്ക് 97,636 കോടി രൂപയാണു നിർമാണ ചെലവ് പ്രതീക്ഷിക്കുന്നത്. ഇതിൽ 80 ശതമാനവും വായ്പയായി നൽകാമെന്നു ജപ്പാൻ വാഗ്ദാനം ചെയ്തിട്ടുണ്ട്. ട്രാക്ക് നിർമാണം അഞ്ചു വർഷത്തിനുള്ളിൽ പൂർത്തിയാക്കും.

നേതാക്കൾ സബർമതി ആശ്രമം സന്ദർശിച്ചപ്പോൾ.

രണ്ട് മണിക്കൂറിൽ മുംബൈയിൽ എത്താം

നിലവിൽ മുംബൈയില്‍നിന്ന് അഹമ്മദാബാദിലേക്കുള്ള ട്രെയിനുകളുടെ യാത്രാദൂരം ഏഴു മണിക്കൂറാണ്. പദ്ധതി യാഥാർഥ്യമായാൽ യാത്രാസമയം രണ്ടു മണിക്കൂറായി കുറയും. 508 കിലോമീറ്റര്‍ നീളമുള്ള പാതയില്‍ 12 സ്റ്റേഷനുകളാണുള്ളത്. ഇതില്‍ എട്ടെണ്ണം ഗുജറാത്തിലും ആറെണ്ണം മഹാരാഷ്ട്രയിലുമാണ്. മുംബൈയിലെ ബാന്ദ്ര കുർല കോംപ്ലക്സിലെ ഭൂഗർഭ സ്റ്റേഷനിൽനിന്നു സർവീസ് തുടങ്ങുന്ന ബുള്ളറ്റ് ട്രെയിൻ കടലിനടിയിലെ തുരങ്കത്തിലൂടെ 21 കിലോമീറ്റർ യാത്ര ചെയ്തശേഷം താനെയിൽ ഭൗമോപരിതലത്തിലെത്തി ഓട്ടം തുടരാനാണു പദ്ധതി.