ആബെയ്ക്കു നന്ദി; ബുള്ളറ്റ് ട്രെയിൻ ‘പുതിയ ഇന്ത്യ’യുടെ പ്രതിനിധി: മോദി

ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ ഉദ്ഘാടനച്ചടങ്ങിൽ. റെയിൽവേ മന്ത്രി പീയുഷ് ഗോയലും സമീപം.

അഹമ്മദാബാദ്∙ ‘പുതിയ ഇന്ത്യ’യെ പ്രതിനിധീകരിക്കുന്നതാണ് ബുള്ളറ്റ് ട്രെയിനെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെയ്ക്കൊപ്പം ബുള്ളറ്റ് ട്രെയിൻ പദ്ധതിക്കു തറക്കല്ലിട്ടശേഷം സംസാരിക്കുകയായിരുന്നു മോദി. ഹൈ സ്പീഡ് കണക്ടിവിറ്റിയുള്ള ഗതാഗത അടിസ്ഥാന സൗകര്യ വികസനമുള്ള ഭാവിയിലേക്കാണ് നമ്മള്‍ ശ്രദ്ധ ചെലുത്തേണ്ടതെന്നും മോദി പറഞ്ഞു.

നിരവധി തൊഴിലവസരങ്ങൾക്കൊപ്പം അടുത്ത തലമുറ സാമ്പത്തിക വളർച്ചയ്ക്കും ഹൈ സ്പീഡ് ട്രെയിനുകൾ വഴി ഒരുക്കുമെന്നും മോദി വ്യക്തമാക്കി. അതേസമയം, അടുത്ത വർഷങ്ങളിൽ എത്തുമ്പോൾ ബുള്ളറ്റ് ട്രെയിനിന്റെ ജനലുകളിലൂടെ ഇന്ത്യയുടെ സൗന്ദര്യം ആസ്വദിക്കാനാകുമെന്നു പ്രതീക്ഷിക്കുന്നതായി ഷിൻസോ ആബെ പറഞ്ഞു.

പ്രധാനമന്ത്രിയുടെ പ്രസംഗത്തിൽനിന്ന്:

∙ ഇന്ത്യയുടെ സ്വപ്നത്തിലേക്കുള്ള ചുവടുവയ്പ്പാണു നാം ഇന്നു നടത്തിയത്.

∙ ബുള്ളറ്റ് ട്രെയിൻ പദ്ധതിയിലൂടെ ഉയർന്ന വേഗം, വികസനം, ഹൈ സ്പീഡ് ടെക്നോളജി തുടങ്ങിയവയിലേക്കുള്ള നമ്മുടെ മുന്നേറ്റം ആരംഭിച്ചിരിക്കുന്നു.

∙ സാങ്കേതിക വിദ്യ നമ്മുടെ ജീവിതത്തിന്റെ ഭാഗമായി മാറി. സമ്പന്നരെ മാത്രമല്ല, പാവപ്പെട്ടവരെയും സാങ്കേതിക വിദ്യ സഹായിക്കും.

∙ ഹൈ സ്പീഡ് കണക്ടിവിറ്റി നേടിയെടുക്കുന്നതിലൂടെ കൂടുതൽ ഉൽപ്പാദനക്ഷമത കൈവരിക്കാനാകും.

∙ ബുള്ളറ്റ് ട്രെയിനിന്റെ സാങ്കേതികവിദ്യ ജപ്പാനിൽനിന്നാണ്. എന്നാൽ എല്ലാ വിഭവങ്ങളും ഇന്ത്യയുടേതാണ്.

∙ സാങ്കേതിക വിദ്യ രാജ്യത്തിനു മുഴുവനും വേണ്ടിയാണ്. റെയിൽവേയ്ക്കും ഇതു ഗുണകരമാണ്.

∙ നേരിട്ടും അല്ലാതെയും നിരവധി തൊഴിലവസരങ്ങൾ ബുള്ളറ്റ് ട്രെയിൻ പദ്ധതിയുമായി ബന്ധപ്പെട്ടുണ്ടാകും.