Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ക്ലാസിൽ കുട്ടി എത്തിയില്ലെങ്കിൽ അന്വേഷിക്കണം; സുരക്ഷ കർശനമാക്കി പൊലീസ്

student-school-bag

തിരുവനന്തപുരം∙ സംസ്ഥാനത്ത്  കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ കർശന നിർദേശങ്ങളുമായി പൊലീസ്. സ്ഥിരമായി സ്കൂളിലേക്ക് ബസില്‍ വരുന്ന ഒരു കുട്ടി എത്തിയിട്ടില്ലെങ്കില്‍ രക്ഷിതാവുമായി ബന്ധപ്പെട്ട് അന്വേഷിക്കുക എന്നതുൾപ്പെടെയുള്ള നിർദേശങ്ങളാണ് പൊലീസ് പുറത്തിറക്കിയിരിക്കുന്നത്. ഇതിനായി ഏതെങ്കിലും അധ്യാപകരെ ചുമതലപ്പെടുത്താവുന്നതാണ്. സ്‌കൂളുകളില്‍ കുട്ടികളുടെ സുരക്ഷ സംബന്ധിച്ച്  ബോധവത്കരണം ഉള്‍പ്പെടെ വിവിധ നടപടികള്‍ സ്വീകരിക്കുവാന്‍ ജില്ലാ പോലീസ് മേധാവിമാരോട് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹറ നിര്‍ദേശിക്കുകയും ചെയ്തു. ഡൽഹിയിൽ അഞ്ചു വയസ്സുകാരിയെ സ്കൂളിൽ പ്യൂൺ പീഡിപ്പിച്ച സംഭവത്തിനും ഗുർഗ്രാമിൽ ഏഴുവയസ്സുകാരൻ കഴുത്തറുത്തു കൊല്ലപ്പെട്ട സംഭവത്തിനും പിന്നാലെയാണ് കേരളത്തിൽ പൊലീസ് ഇടപെടലുണ്ടായിരിക്കുന്നത്.

വിദ്യാലയങ്ങള്‍ക്കുള്ളിലും പൊതുവഴികളിലും വാഹനങ്ങളിലും കുട്ടികളുടെ സുരക്ഷ പൂര്‍ണ്ണമായും ഉറപ്പുവരുത്തുന്നതിന്  വിദ്യാലയാധികൃതരും രക്ഷിതാക്കളും പൊലീസ് ഉള്‍പ്പെടെയുള്ള വിവിധ ഏജന്‍സികളും  ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ പൊലീസ് വെബ്‌സൈറ്റിലും ഫെയ്‌സ്ബുക്കിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ നിര്‍ദേശങ്ങള്‍ സംബന്ധിച്ച്  സ്‌കൂള്‍ അധികൃതര്‍ക്കും രക്ഷിതാക്കള്‍ക്കും ആവശ്യമായ ബോധവത്കരണം നല്‍കുന്നതിന് നടപടി സ്വീകരിക്കുവാനും അദ്ദേഹം സ്റ്റേഷന്‍ ചുമതലയുള്ള എസ്ഐമാര്‍ക്കും സിഐമാര്‍ക്കും നിര്‍ദേശം നല്‍കി. 

സുരക്ഷ ഫലപ്രദമാക്കുന്നതിന് എല്ലാ സ്‌കൂളുകളിലും സ്‌കൂള്‍ സുരക്ഷാസമിതികള്‍ രൂപീകരിക്കുന്നത് നല്ലതാണ്. വിദ്യാലയ സുരക്ഷ വര്‍ധിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് സ്റ്റുഡൻ്റ് പൊലീസ് കേഡറ്റ്, എന്‍സിസി തുടങ്ങിയ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്താമെന്നും അദ്ദേഹം നിര്‍ദേശിച്ചു. സംസ്ഥാന തലത്തില്‍ സ്‌കൂള്‍ സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന്  ഡോ.ബി.സന്ധ്യയെ നോഡല്‍ ഓഫിസറായി ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും ബെഹ്റ അറിയിച്ചു. 

സുരക്ഷാനിർദേശങ്ങളിൽ  ചിലത്:

1. സ്‌കൂളിന് ചുറ്റുമതിലും ഗേറ്റും നിര്‍ബന്ധമായും വേണ്ടതുണ്ട്. പുറത്ത് നിന്നും ആളുകളുടെ പ്രവേശനം മതിയായ പരിശോധനയ്ക്ക് ശേഷമേ അനുവദിക്കാവൂ.

2. ഓരോ ക്ലാസ് ടീച്ചറും തന്റെ വിദ്യാര്‍ഥികളെക്കുറിച്ച് വിശദവിവരങ്ങള്‍ ശേഖരിച്ച് സൂക്ഷിക്കുക. കുട്ടിയെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും രക്ഷിതാക്കളുമായി പങ്കുവയ്ക്കുക. അസ്വാഭാവികമായ പെരുമാറ്റമോ ശാരീരിക ക്ഷീണമോ കാണുകയാണെങ്കില്‍ അതിനെക്കുറിച്ച് അന്വേഷിച്ച് മനസ്സിലാക്കുക.

3. ക്ലാസ്സുകള്‍ ആരംഭിക്കുതിനു മുന്‍പും അവസാനിച്ച ശേഷവും ഓരോ ക്ലാസ്സ് മുറിയും ചുമതലയുള്ള ഒരാള്‍ പരിശോധിച്ച് ഉറപ്പുവരുത്തണം.

4. ക്ലാസ്സില്‍ നിന്ന് ഏതെങ്കിലും ആവശ്യത്തിന് പുറത്തിറങ്ങുന്ന കുട്ടി  നിശ്ചിത സമയത്തിനുള്ളില്‍ തിരികെ എത്തിയെന്ന് അധ്യാപകര്‍ ഉറപ്പുവരുത്തണം.

5. സ്‌കൂള്‍ അധികൃതര്‍ നേരിട്ട് നിയമനങ്ങള്‍ നടത്തുമ്പോള്‍ അവരെക്കുറിച്ച്  നന്നായി അന്വേഷിച്ച് മനസ്സിലാക്കിയശേഷം മാത്രം നിയമനം നടത്തണം.  

6. കുട്ടികള്‍ക്ക് കൗൺസലിങ് നല്‍കുന്നതിന് ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ ഒരു കൗൺസലറെ ചുമതലപ്പെടുത്തണം. കൃത്യമായ ഇടവേളകളില്‍ ഇവര്‍ കുട്ടികളുമായി സംവദിക്കുകയും അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുകയും ചെയ്യണം. 

7. രക്ഷിതാക്കളുടെ ആവശ്യപ്രകാരമല്ലാതെ സ്‌കൂള്‍ സമയത്ത് ഒരു കാരണവശാലും കുട്ടികളെ പുറത്തേക്ക് പോകാന്‍ അനുവദിക്കരുത്. സ്‌കൂളില്‍ നിന്ന് എതെങ്കിലും കാരണത്താല്‍ പണവും മറ്റും ആവശ്യപ്പെടുകയാണെങ്കില്‍ അത് ഡയറിയില്‍ എഴുതിയോ മറ്റുവിധത്തിലോ രക്ഷിതാവിനെ അറിയിക്കേണ്ടതാണ്. 

8. കുട്ടികളുടെ ബാഗുകളില്‍ നിന്ന് അസ്വാഭാവികമായ വസ്തുക്കളോ പണമോ മയക്കുമരുന്നു പോലുള്ള വസ്തുക്കളോ കണ്ടെത്തിയാല്‍ വിശദമായി അന്വേഷിക്കുകയും രക്ഷിതാവിനെ അറിയിക്കുകയും ചെയ്യേണ്ടതാണ്.

9. സ്‌കൂളില്‍ വൃത്തിയും വെടിപ്പുമുളള ശൗചാലയങ്ങള്‍ ഉണ്ടായിരിക്കേണ്ടതാണ്. പെൺകുട്ടികള്‍ പഠിക്കുന്ന സ്‌കൂളില്‍ അവര്‍ക്കാവശ്യമായ സൗകര്യങ്ങള്‍ (സാനിട്ടറി നാപ്കിന്‍ വൈന്‍ഡര്‍, ഇന്‍സിനേറ്റര്‍ മുതലായവ) ലഭ്യമാക്കേണ്ടതുണ്ട്. അടിയന്തരഘട്ടങ്ങളില്‍ വേണ്ട പ്രാഥമിക ചികില്‍സാ സൗകര്യങ്ങളും ലഭ്യമായിരിക്കണം.

10. സ്‌കൂള്‍ കെട്ടിടങ്ങള്‍  സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തേണ്ടതാണ്. അപകടാവസ്ഥയിലുള്ള വൃക്ഷങ്ങളോ അപകടസാഹചര്യങ്ങളിലുള്ള നിര്‍മിതികളോ അങ്കണങ്ങളോ  ഇല്ലായെന്ന് ഉറപ്പുവരുത്തണം. തീപിടിത്തിനുള്ള സാധ്യത ഒഴിവാക്കുകയും ആവശ്യമായ സ്ഥലങ്ങളില്‍ ഫയര്‍ സേഫ്റ്റി ഉപകരണങ്ങള്‍ സ്ഥാപിക്കുകയും വേണം.

11. സ്‌കൂള്‍ ആരംഭിക്കുന്നതിനു മുന്‍പും ഉച്ചയ്ക്കുള്ള ഇടവേളയ്ക്കു ശേഷവും സ്‌കൂള്‍ പിരിഞ്ഞ ശേഷവും എന്നിങ്ങനെ ദിവസത്തില്‍ മൂന്നുനേരം സ്‌കൂള്‍ ടോയ്‌ലറ്റുകള്‍ പരിശോധിക്കാന്‍ സംവിധാനമുണ്ടാക്കണം.

12. കുട്ടി സ്‌കൂളിലെത്തേണ്ടത് വാഹനത്തിലാണെങ്കില്‍ അതിനായുള്ള സുരക്ഷിതമായ വാഹന സൗകര്യം ഉറപ്പുവരുത്തണം. സ്‌കൂള്‍ ബസുകളെ ആശ്രയിക്കുന്നവര്‍ നിര്‍ബന്ധമായും ബസ് ഡ്രൈവര്‍, ബസ്സിലെ മറ്റു ജീവനക്കാര്‍, ബസ്സിന്റെ കാര്യങ്ങള്‍ നോക്കുന്ന ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥര്‍ എന്നിവരുടെ നമ്പരുകള്‍ സൂക്ഷിക്കേണ്ടതും ആവശ്യമായ സന്ദര്‍ഭങ്ങളില്‍ ഇവരെ ബന്ധപ്പെടേണ്ടതുമാണ്.  കൂടാതെ കുട്ടിയുടെ ഡയറിയില്‍ വീട് അഡ്രസ്, രക്ഷിതാവിന്റെ ഫോൺ നമ്പര്‍, അടുത്തുളള പോലീസ് സ്റ്റേഷന്‍ നമ്പര്‍ എന്നിവ നിര്‍ബന്ധമായും രേഖപ്പെടുത്തണം. നിങ്ങളുടെ ഫോൺ നമ്പര്‍ കുട്ടിക്ക് മനഃപാഠമായിരിക്കണം. അപരിചിതരായവരോട് ഇക്കാര്യങ്ങള്‍ പങ്കുവയ്ക്കരുതെന്ന് പ്രത്യേകം നിഷ്‌കര്‍ഷിക്കാം.

13. സ്‌കൂള്‍ വാഹനങ്ങളില്‍ കുട്ടികളെ കുത്തിനിറച്ച് യാത്ര ചെയ്യിക്കുന്നില്ലെന്ന് ഉറപ്പുവരുത്തുക. ഇത് ലംഘിക്കുന്ന വാഹനങ്ങള്‍/ സ്‌കൂള്‍ അധികൃതര്‍ എന്നിവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണം.

14. സ്‌കൂള്‍ ബസുകള്‍ കൃത്യമായ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് മാത്രമേ നിരത്തിലിറക്കാവൂ.  ബസ്സ് ജീവനക്കാരെ നിയമിക്കുമ്പോള്‍ അവരുടെ പ്രവൃത്തി പരിചയവും സ്വഭാവവും അന്വേഷിച്ച്  ക്രിമിനല്‍ പശ്ചാത്തലം  ഉളളവരല്ല എന്നു ഉറപ്പുവരുത്തണം.  

15. സ്വകാര്യവാഹനങ്ങള്‍, ഓട്ടോറിക്ഷ തുടങ്ങിയവയെ ആശ്രയിക്കേണ്ടി വരുന്നവര്‍ ഡ്രൈവര്‍മാരുടേയും മറ്റു ജീവനക്കാരുടേയും വ്യക്തമായ വിവരങ്ങള്‍ പരിശോധിച്ച് ഉറപ്പുവരുത്തണം.

16. കുട്ടികളെ അപകടസാഹചര്യങ്ങളില്‍ എത്തിക്കുന്നതില്‍  സ്മാര്‍ട്ട് ഫോണുകളും കംപ്യൂട്ടറും ഇന്റര്‍നെറ്റ് ഉപയോഗവും കാരണമാകുന്ന സന്ദര്‍ഭങ്ങളുണ്ട്. ഇവയുടെ ദുരുപയോഗത്തിന് കുട്ടികള്‍ അടിപ്പെടാതിരിക്കാന്‍ രക്ഷാകര്‍ത്താക്കളും സ്‌കൂള്‍ അധികൃതരും പ്രത്യേകം ശ്രദ്ധപതിപ്പിക്കണം. ബ്ലൂ വെയ്ല്‍ ചാലഞ്ച് പോലെ അപകടകാരിയായ പലതും ഓൺലൈനിലൂടെ കുട്ടികളിലെത്താം. അതുകൊണ്ടുതന്നെ മാതാപിതാക്കള്‍ ഇത്തരത്തിലുള്ള ഗെയിമുകളെക്കുറിച്ച് മനസ്സിലാക്കുകയും കുട്ടികള്‍ ഇവയ്ക്ക് വഴിപ്പെടാതിരിക്കാന്‍ ശ്രദ്ധപുലര്‍ത്തുകയും വേണം.