ബിജെപിയ്ക്കെതിരെ വിശാലപ്രതിപക്ഷ സഖ്യത്തിന് കളമൊരുക്കാൻ ആംആദ്മി

കൊച്ചി∙ ദേശീയതലത്തില്‍ ബിജെപിവിരുദ്ധ രാഷ്ട്രീയസഖ്യത്തിന്റെ ഭാഗമാകാന്‍ തയാറെടുത്ത് ആം ആദ്മി പാര്‍ട്ടി. ഒരു മുന്നണിയുടേയും ഭാഗമാകില്ലെന്ന നിലപാടില്‍ മാറ്റംവരുത്തുന്ന കാര്യം ചര്‍ച്ചചെയ്യുമെന്ന് എഎപി രാഷ്ട്രീയകാര്യസമിതി അംഗങ്ങളായ അശുതോഷും സോംനാഥ് ഭാരതിയും പറഞ്ഞു. കേരളത്തില്‍ ബൂത്തുതലത്തില്‍ അടിത്തറ വിപുലപ്പെടുത്താനുള്ള പരിപാടിക്കും നേതൃത്വം തുടക്കം കുറിച്ചു. 

മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ടെങ്കിലും ഡല്‍ഹി നിയമസഭാ ഉപതിരഞ്ഞെടുപ്പിലെ വന്‍വിജയം പകര്‍ന്ന ആത്മവിശ്വാസത്തിലാണ് ആം ആദ്മി നേതൃത്വം. ഗുജറാത്തില്‍ ഒറ്റയ്ക്കു മല്‍സരിക്കാന്‍ തീരുമാനിച്ചതും ഇതിന്റെ തുടര്‍ച്ചയായിരുന്നു. എന്നാല്‍ യഥാര്‍ഥ വെല്ലുവിളി 2019ലെ പൊതുതിരഞ്ഞെടുപ്പാണ്. ഇപ്പോഴത്തെ നിലയില്‍ ദേശീയതലത്തില്‍ ബിജെപിയെ നേരിടാന്‍ തനിച്ചു സാധ്യമല്ലെന്ന തിരിച്ചറിവാണു വിശാലപ്രതിപക്ഷ സഖ്യത്തെക്കുറിച്ച് ചിന്തിക്കാന്‍ നേതൃത്വത്തെ പ്രേരിപ്പിക്കുന്നതെന്ന് ഇരുവരും പറഞ്ഞു. അശുതോഷും സോംനാഥ് ഭാരതിയും കൊച്ചിയിൽ മനോരമ ന്യൂസ് ഓഫിസ് സന്ദർശിച്ചു.

ഡല്‍ഹി സര്‍ക്കാരിന്റെ വിസ്മയകരമായ ഭരണനേട്ടങ്ങള്‍ നേരിട്ട് ജനങ്ങളിലേക്കെത്തിച്ച് അടിത്തറ വിപുലപ്പെടുത്തുകയാണ് തിരഞ്ഞെടുപ്പിനുള്ള പ്രധാന മുന്നൊരുക്കം. താഴേത്തട്ടില്‍ നിശബ്ദമായി പ്രവര്‍ത്തിച്ചുമുന്നേറിയ ഡല്‍ഹിശൈലി കേരളത്തിലും അവലംബിക്കും. ജനങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യം ഹനിക്കുന്ന ഏതുരാഷ്ട്രീയവും എതിര്‍ക്കപ്പെടേണ്ടതാണെന്നും എഎപി നേതാക്കള്‍ പറഞ്ഞു. ഗൗരി ലങ്കേഷ് വധത്തിന്റെ പശ്ചാത്തലത്തില്‍ എഎപി കേരളാഘടകം സംഘടിപ്പിച്ച അഭിപ്രായസ്വാതന്ത്ര്യ സംവാദത്തില്‍ പങ്കെടുക്കാനാണ് നേതാക്കൾ കൊച്ചിയിലെത്തിയത്.