ബിജെപിക്ക് ബദൽ; രാഷ്ട്രീയത്തിനതീതമായി ചിന്തിച്ച് ഐക്യം കെട്ടിപ്പടുക്കണം: കാനം

കൊല്ലം ∙ ബിജെപിക്കു ബദൽ കോൺഗ്രസ് അല്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെയും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെയും വാദത്തിനു മറുപടിയുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. മുൻധാരണകൾ മാറ്റിവച്ചു രാഷ്ട്രീയത്തിനതീതമായി ചിന്തിക്കണമെന്ന് കാനം പറഞ്ഞു.

‘ മുഖ്യശത്രു ആരെന്ന കാര്യത്തിൽ തർക്കമില്ല. അതു ബിജെപിയും ആർഎസ്എസും തന്നെയാണ്. അവരെ എതിർക്കാൻ കമ്യൂണിസ്റ്റു പാർട്ടികൾക്കും ഇടതുപക്ഷത്തിനും മാത്രമായി കഴിയില്ല. അതിനു മുൻധാരണകൾ മാറ്റിവച്ചു രാഷ്ട്രീയത്തിനതീതമായി ചിന്തിച്ചു ജനാധിപത്യ മതനിരപേക്ഷ ശക്തികളുമായി ഐക്യം കെട്ടിപ്പടുക്കുകയാണ് വേണ്ടത്. ഒരിക്കലും ചേരില്ല എന്നു കരുതിയിരുന്നവർ പോലും ഒന്നിച്ച സംഭവങ്ങൾ ചരിത്രത്തിലുണ്ട്’ – കാനം പറഞ്ഞു.

ബിജെപിക്കു ബദൽ കോൺഗ്രസ് അല്ലെന്നു മുഖ്യമന്ത്രി പിണറായി വിജയനും കോൺഗ്രസ് ഉൾപ്പെടെയുള്ളവരുമായി ചേർന്നു മഹാസഖ്യമുണ്ടാക്കിയതു കൊണ്ടു ബിജെപിയെ തോൽപിക്കാൻ സാധിക്കില്ലെന്നു കോടിയേരി ബാലകൃഷ്ണനും കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു.