ഗുജറാത്ത് കലാപം അന്വേഷിച്ച വൈ.സി.മോദി എൻഐഎ ഡയറക്ടർ ജനറൽ

ന്യൂഡൽഹി ∙ ഗുജറാത്ത് കലാപം അന്വേഷിച്ച സംഘത്തലവൻ വൈ.സി.മോദിയെ ദേശീയ അന്വേഷണ ഏജൻസിയുടെ (എൻഐഎ) ഡയറക്ടർ ജനറലായി നിയമിച്ചു. കലാപത്തിൽ നരേന്ദ്ര മോദിക്കു പങ്കില്ലെന്നു കണ്ടെത്തിയ അന്വേഷണ റിപ്പോർട്ടാണ് വൈ.സി.മോദി സമർപ്പിച്ചത്.

നിലവിൽ സിബിഐ അഡീഷനൽ ഡയറക്ടറായ മോദി, 1984 െഎപിഎസ് ബാച്ചിലെ അസം–മേഘാലയ കേഡർ ഉദ്യോഗസ്ഥനാണ്. 2021 മേയ് 30 വരെ പുതിയ പദവിയിൽ തുടരും. ഇപ്പോഴത്തെ ഡയറക്ടർ ശരദ് കുമാർ ഒക്ടോബർ 30നു വിരമിക്കും. 2002ലെ ഗുജറാത്ത് കലാപത്തിൽ നരേന്ദ്ര മോദിക്കു പങ്കുണ്ടോ എന്ന് അന്വേഷിക്കാൻ സുപ്രീം കോടതി നിയോഗിച്ച പ്രത്യേക അന്വേഷണസംഘത്തെ നയിച്ചതു വൈ.സി.മോദി ആയിരുന്നു. 2013ൽ സമർപ്പിച്ച റിപ്പോർട്ട് സുപ്രീം കോടതി അംഗീകരിച്ചു.