ക്ഷേത്രം വിശ്വാസികളുടേത്; ഇനി ദേവസ്വം ബോർഡിന് വിട്ടുകൊടുക്കില്ലെന്ന് ശശികല

കണ്ണൂർ∙ ഒരു ക്ഷേത്രവും ഇനി വിശ്വാസികൾ ദേവസ്വം ബോർഡിനു വിട്ടുകൊടുക്കില്ലെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ.പി.ശശികല. ക്ഷേത്രം വിശ്വാസികളുടേതാണ്. മതേതര സർക്കാർ ഏറ്റെടുത്തു നടത്താൻ ക്ഷേത്രം മതേതര സ്ഥാപനമല്ല. ക്ഷേത്രങ്ങൾ വിശ്വാസികളുടേതാക്കണം. ഗുരുവായൂർ പാർഥസാരഥി ക്ഷേത്രത്തിലെ വിശ്വാസികളുടെ പ്രതിഷേധം ഇതിനു നിമിത്തമാകുമെന്നും ശശികല പറഞ്ഞു.

ഗണേശ വിഗ്രഹ നിമജ്ജന ഘോഷയാത്രയ്ക്കു നേരെ അക്രമം നടത്തിയവരെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ടു കണ്ണൂർ ഗണേശ സേവാകേന്ദ്രം നടത്തിയ പ്രതിഷേധ കൂട്ടായ്മയിൽ പ്രസംഗിക്കുകയായിരുന്നു അവർ. 

രോഗിൻഗ്യ അഭയാർഥികൾക്ക് ഇന്ത്യയിൽ അഭയം നൽകരുതെന്നും ശശികല ആവശ്യപ്പെട്ടു. ബുദ്ധമതത്തിന്റെ സ്മാരകങ്ങൾ എല്ലാമുള്ളത് ഇന്ത്യയിലാണ്. ബുദ്ധമതവുമായി ഏറ്റുമുട്ടി അവരെ നശിപ്പിക്കാൻ ശ്രമിക്കുന്ന ഒരു വിഭാഗത്തിന് ഇന്ത്യയിൽ അഭയം നൽകരുത്. രോഹിൻഗ്യകൾ പാക്കിസ്ഥാനിലേക്കോ ബംഗ്ലദേശിലേക്കോ പോകട്ടെയെന്നും ശശികല പറഞ്ഞു. 

കണ്ണൂരിൽ സംഘട്ടനമുണ്ടാക്കാനാണ് ശ്രീകൃഷ്ണജയന്തിദിനത്തിൽ സിപിഎം ഘോഷയാത്ര നടത്തിയത്. നബിദിന ഘോഷയാത്രയ്ക്കോ കുരിശിന്റെ വഴിക്കോ ബദലായി ഘോഷയാത്ര നടത്താൻ സിപിഎമ്മിനു ധൈര്യമുണ്ടോ? ശ്രീകൃഷ്ണജയന്തി ആഘോഷം നടത്താനുള്ള അവകാശം ആർക്കാണെന്നു പൊതുസമൂഹം ചർച്ച ചെയ്യണമെന്നും ശശികല ആവശ്യപ്പെട്ടു.