കശ്മീർ പ്രശ്നം ഇന്ത്യയും പാക്കിസ്ഥാനും ചർച്ചയിലൂടെ പരിഹരിക്കണം: ചൈന

ന്യൂയോർക്ക്∙ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ഉഭയകക്ഷി ചർച്ചയിലൂടെ വേണം കശ്മീർ വിഷയം പരിഹരിക്കേണ്ടതെന്ന് ചൈന. യുഎന്നിലാണ് ചൈന നിലപാടു വ്യക്തമാക്കിയത്. ‘കശ്മീർ വിഷയത്തിൽ ചൈനീസ് നിലപാട് വ്യക്തമാണ്. ഇരുരാജ്യങ്ങളും തമ്മിലുള്ള ചർച്ചകൾ വർധിപ്പിക്കണം. സമാധാനത്തിനും സുരക്ഷയ്ക്കും ഇരുകൂട്ടരും ഒത്തൊരുമിച്ചു പ്രവർത്തിക്കുകയാണു വേണ്ടത്’– ചൈനീസ് വിദേശകാര്യ വക്താവ് ലൂ കാങ് പറഞ്ഞു.

യുഎൻ പൊതുസഭയെ അഭിസംബോധന ചെയ്യവേ, കശ്മീരിലേക്ക് യുഎൻ പ്രത്യേക സംഘത്തെ അയയ്ക്കണമെന്ന് പാക്ക് പ്രധാനമന്ത്രി ഷാഹിദ് കാഖൻ അബ്ബാസി ആവശ്യപ്പെട്ടിരുന്നു. കശ്മീർ വിഷയത്തിൽ യുഎൻ രക്ഷാസമിതിയുടെ പ്രമേയം പാലിക്കപ്പെടണം. ജമ്മു കശ്മീരിലെ ജനങ്ങളുടെ സ്വയംനിർണയാവകാശം ലോകം മാനിക്കണമെന്നും അതിലൂടെ മാത്രമേ കശ്മീർ പ്രശ്നപരിഹാരം സാധ്യമാകുകയുള്ളൂവെന്നും പാക്ക് പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു.

പാക്കിസ്ഥാന്റെ അടുത്ത സുഹൃത്തായി വിലയിരുത്തപ്പെടുന്ന ചൈന കശ്മീർ വിഷയത്തിൽ മുൻപും ഇതേ നിലപാടുതന്നെയാണു സ്വീകരിച്ചിരുന്നത്. കശ്‌മീർ തർക്കപരിഹാരത്തിൽ ചൈനയ്‌ക്കു നിർണായക പങ്കുവഹിക്കാനാകുമെന്ന ഹുറിയത് കോൺഫറൻസ് ചെയർമാൻ മിർവായിസ് ഉമർ ഫാറൂഖിന്റെ പ്രസ്‌താവനയ്‌ക്കു പിന്നാലെയും ചൈനയുടെ നിലപാടിൽ മാറ്റം വരുത്തിയിരുന്നില്ല.

എന്നാൽ ദോക് ലാ വിഷയം നിലനിന്നിരുന്നപ്പോൾ ഇന്ത്യയെ മാനസികമായി തകർക്കാൻ കശ്മീർ ഉയർത്തിക്കൊണ്ടുവരാൻ ചൈന ശ്രമിച്ചിരുന്നു.