ഓൺലൈൻ ടാക്സി ഡ്രൈവറെ യുവതികൾ മർദ്ദിച്ച സംഭവം അന്വേഷിക്കും: ഡിജിപി

കൊച്ചി ∙ ഒാണ്‍ലൈന്‍ ടാക്സി ഡ്രൈവറെ യുവതികൾ ചേർന്ന് ആക്രമിച്ച സംഭവം അന്വേഷിക്കാന്‍ കമ്മിഷണര്‍ക്ക് ഡിജിപിയുടെ നിര്‍ദേശം. പ്രതികള്‍ക്കെതിരെ ദുര്‍ബല വകുപ്പ് ചുമത്തിയതിനെക്കുറിച്ച് അന്വേഷിക്കും. കേസില്‍ പൊലീസ് വിശദമായ അന്വേഷണം നടത്തുമെന്നും ലോക്നാഥ് ബെഹ്റ അറിയിച്ചു.

ടാക്സി ഡ്രൈവറെ യുവതികൾ ചേർന്ന് മർദ്ദിച്ച സംഭവത്തിന്റെ ദൃശ്യങ്ങൾ മനോരമ ന്യൂസ് പുറത്തു വിട്ടിരുന്നു. നാട്ടുകാരിൽ ചിലർ ഇടപെട്ടിട്ടു പോലും യുവതികൾ ഡ്രൈവറെ മർദ്ദിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. യുവതികൾ കാറിനു സമീപത്തുവച്ച് ഡൈവറായ ഷഫീക്കിനെ മർദ്ദിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. 

മർദ്ദനമേറ്റ ഷഫീക്കിനെ നാട്ടുകാരിൽ ചിലർ പിടിച്ചു മാറ്റിയിട്ടും യുവതികൾ ഷഫീക്കിന്റെ മുഖത്തിടിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തം. കാര്യമായ പ്രകോപനമൊന്നുമില്ലാതെയാണ് യുവതികൾ ഡ്രൈവറെ മർദ്ദിച്ചതെന്ന് സംഭവത്തിന്റെ പ്രധാന സാക്ഷി കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയതിനു പിന്നാലെയാണ് സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തു വരുന്നത്. 

കരിങ്കല്ലു കൊണ്ട് ഡ്രൈവറുടെ തലയിലsക്കം പരുക്കേൽപ്പിച്ചിട്ടും യുവതികൾക്കെതിരെ നിസാര വകുപ്പുകൾ മാത്രം ചുമത്തിയ പൊലീസ് നടപടിയെ കുറിച്ചും വ്യാപക വിമർശനങ്ങൾ ഉയർന്നിരുന്നു.