മൻ കി ബാത്തിലുള്ളത് എന്റെ വീക്ഷണമല്ല, ഇന്ത്യക്കാരുടെ വികാരം: പ്രധാനമന്ത്രി

ന്യൂഡൽഹി ∙ സ്വന്തം അഭിപ്രായങ്ങൾ അടിച്ചേൽപ്പിക്കുന്നതിനേക്കാൾ രാജ്യത്തെ സാധാരണക്കാരായ ജനങ്ങളുടെ കാഴ്ചപ്പാടുകളും അഭിലാഷങ്ങളുമാണ് പ്രതിമാസ റേഡിയോ പ്രഭാഷണ പരിപാടിയായ ‘മൻ കി ബാത്തി’ലൂടെ പങ്കുവയ്ക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനങ്ങളുമായി സംവദിക്കാനും അടുത്ത് ഇടപഴകാനുമുള്ള വേദിയായാണ് മൻ കി ബാത്തിനെ കണ്ടിട്ടുള്ളത്. കഴിഞ്ഞ മൂന്നു വർഷത്തിനിടെ മൻ കി ബാത്തിൽ രാഷ്ട്രീയം ‘നുഴഞ്ഞുകയറാൻ’ സമ്മതിച്ചിട്ടില്ലെന്നും മോദി വ്യക്തമാക്കി. മൻ കി ബാത്തിന്റെ മൂന്നാം വാർഷികത്തോട് അനുബന്ധിച്ചു നടത്തിയ പ്രഭാഷണത്തിലാണ് മോദി ഇക്കാര്യം വ്യക്തമാക്കിയത്.

രാഷ്ട്രീയ വിഷയങ്ങൾ കത്തിനിൽക്കുന്ന സമയത്ത് മോദിയുടെ പ്രതികരണം അറിയാൻ രാഷ്ട്രീയ എതിരാളികൾ മൻ കി ബാത്തിനു കാതോർക്കാറുണ്ടെങ്കിലും പലപ്പോഴും തന്ത്രപരമായ മൗനം പാലിക്കുകയാണ് അദ്ദേഹത്തിന്റെ പതിവ്. ഇതു പലപ്പോഴും വിവാദ വിഷയങ്ങളിൽ മോദിയുടെ നിശബ്ദതയായി വ്യാഖ്യാനിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് മൻ കി ബാത്ത് രാഷ്ട്രീയ വിഷയങ്ങൾ ചർച്ച ചെയ്യാനുള്ള വേദിയല്ലെന്ന പ്രധാനമന്ത്രിയുടെ വിശദീകരണം.

മോദി പ്രധാനമന്ത്രിയായ സ്ഥാനമേറ്റതിനു പിന്നാലെ തുടക്കമിട്ട മൻ കി ബാത്തിന്റെ 36–ാം എപ്പിസോഡാണ് ഇത്. അതേസമയം, മൻ കി ബാത്തിന്റെ കഴിഞ്ഞ എപ്പിസോഡുകൾ വിശകലനം ചെയ്ത് അതിന്റെ നല്ല വശങ്ങളും ചീത്ത വശങ്ങളും കണ്ടെത്താൻ സാമൂഹ്യ ശാസ്ത്രജ്ഞരും സർവകലാശാലകളും ഗവേഷണ വിദ്യാർഥികളും മാധ്യമ പ്രവർത്തകരും മുന്നോട്ടുവരുമെന്ന് മോദി ആത്മവിശ്വാസം പ്രകടിപ്പിച്ചു. രാജ്യത്തിന്റെ ക്രിയാത്മക വശമാണ് മൻ കി ബാത്തിലൂടെ പ്രകടമാകുമെന്നതെന്ന് അദ്ദേഹം അവകാശപ്പെട്ടു.

യാത്ര ചെയ്യൂ, ഇന്ത്യയെ അറിയൂ: പ്രധാനമന്ത്രി

പ്രതിമാസ റേഡിയോ പ്രഭാഷണ പരിപാടിയായ മൻ കി ബാത്തിന്റെ മൂന്നാം വാർഷികത്തിൽ, ഇന്ത്യയെ അറിയൂ എന്ന ആഹ്വാനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. വളരെയേറെ വൈവിധ്യങ്ങളുള്ള നാടാണ് ഇന്ത്യയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നാം ആദ്യം കാണേണ്ടത് നമ്മുടെ രാജ്യത്തെയാണ്. അതിനു സഹായകമാകുന്ന എല്ലാ സ്ഥലങ്ങളും സന്ദർശിക്കാനും അദ്ദേഹം പൗരന്മാരെ ആഹ്വാനം ചെയ്തു. ഇത്തരം യാത്രകളിലൂടെ ഇന്ത്യൻ ടൂറിസത്തിന്റെ വളർച്ചയ്ക്കായി പ്രവർത്തിക്കാനും അദ്ദേഹം ആവശ്യപ്പെട്ടു.