ദിലീപിന് ജാമ്യം ലഭിച്ചതിൽ സന്തോഷം: പി.സി. ജോർജ്

തിരുവനന്തപുരം∙ ദിലീപിനു ജാമ്യം ലഭിച്ചതിൽ സന്തോഷമുണ്ടെന്നു പി.സി. ജോർജ് എംഎൽഎ. ജനാധിപത്യ സംവിധാനത്തിൽ കോടതിയുടെ പ്രസക്തി നഷ്ടപ്പെടാതിരിക്കാൻ ഈ ജാമ്യം ഉപകരിക്കും എന്നതാണ് ഏറ്റവും വലിയ സന്തോഷം.

ഒരു കുപ്രസിദ്ധ കൊള്ളക്കാരന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ, നിരപരാധിയെന്നു ജനം വിശ്വസിക്കുന്ന ഒരു പ്രമുഖ നടനെ ഇത്രനാൾ ജയിലിൽ പിടിച്ചിട്ടതിനോടു ജനങ്ങൾ യോജിക്കുന്നില്ല. പൊലീസ് ദിലീപിനെതിരെ പറഞ്ഞ ഒരു കാര്യംപോലും സത്യസന്ധമല്ല. ആ സാഹചര്യത്തിൽ കോടതി ജാമ്യം കൊടുത്തതു നന്നായി. അല്ലെങ്കിൽ കോടതിയെപ്പറ്റിയും അവിശ്വാസം ഉണ്ടാകുമായിരുന്നു.

ഇതുകൊണ്ടായില്ല. ആരാണ് കള്ളക്കേസ് ഉണ്ടാക്കിയത്? തിരക്കഥ എഴുതിയതാരാണ് എന്നതുൾപ്പെടെ ഉള്ള കാര്യം സിബിഐക്കു വിട്ടു ശക്തമായ നടപടി സ്വീകരിക്കണം. ഇതിനുവേണ്ടി എല്ലാ നിയമ മാർഗങ്ങളും സ്വീകരിക്കാൻ മുന്നിട്ടിറങ്ങുമെന്നും പി.സി. ജോർജ് പറഞ്ഞു.