മഹാരാജാസ് വരെയുള്ള മെട്രോ റെയിലിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു

കൊച്ചി ∙ കൊച്ചി മെട്രോയുടെ പാലാരിവട്ടം മുതൽ മഹാരാജാസ് വരെയുള്ള ഭാഗത്തെ യാത്ര ആരംഭിച്ചു. വരെയുള്ള അഞ്ചു കിലോമീറ്റർ ലൈനിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരി അധ്യക്ഷനായിരുന്നു. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, എംഎൽഎമാരായ ഹൈബി ഈഡൻ, അൻവർ സാദത്ത് എന്നിവരും സന്നിഹിതരായിരുന്നു.

മെട്രോയുടെ നിര്‍മാണം തൃപ്പൂണിത്തുറ വരെ നീട്ടുന്നതിനാവശ്യമായ നടപടികള്‍ സംസ്ഥാനസര്‍ക്കാര്‍ എടുത്തുവെന്ന് പിണറായി വിജയൻ പറഞ്ഞു. സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട വേഗത്തിലാക്കുവാന്‍ ജില്ലാ ഭരണകൂടത്തിന് നിർദേശം നല്‍കിയിട്ടുണ്ട്. തൃപ്പൂണിത്തുറ വരെ മെട്രോ എത്തുന്നതോടുകൂടി നഗര ഗതാഗതസംവിധാനത്തിൽ വലിയ മാറ്റം ഉണ്ടാവും. പാലാരിവട്ടം-കാക്കനാട് ഭാഗത്തേക്കുള്ള 11.2 കിലോമീറ്റർ നിർമാണപ്രവർത്തനങ്ങളും ഉടൻ ആരംഭിക്കും. കൊച്ചി വാട്ടര്‍ മെട്രോ 2019 മാർച്ചിൽ ജനങ്ങൾക്ക് സമർപ്പിക്കാനാവുമെന്നും അദ്ദേഹം പറഞ്ഞു.

മെട്രോയുടെ ആലുവ മുതൽ പാലാരിവട്ടം വരെയുള്ള 13 കിലോമീറ്റർ ദൂരം ജൂൺ 17നു പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഉദ്ഘാടനം ചെയ്തത്. പാലാരിവട്ടം – മഹാരാജാസ് ലൈൻ കൂടി തുറക്കുന്നതോടെ മൊത്തം മെട്രോ റൂട്ട് 18 കിലോമീറ്റർ ആകും. അഞ്ചു സ്റ്റേഷനുകൾ കൂടി പുതുതായുണ്ടാകും. ഹൈക്കോടതി, സൗത്ത്, നോർത്ത് റെയിൽവേ സ്റ്റേഷനുകൾ, ആശുപത്രികൾ, സർക്കാർ ഓഫിസുകൾ, ബ്രോഡ്‌വേ, എംജി റോഡ്, കെഎസ്ആർടിസി ബസ് സ്റ്റേഷൻ തുടങ്ങി ഒട്ടേറെ കേന്ദ്രങ്ങളിലേക്ക് ഇനി മെട്രോയിൽ പോകാം. സ്ഥിരം യാത്രക്കാരെത്തുന്നതോടെ മെട്രോ സർവീസുകളിൽ തിരക്കേറും.

∙ ഇന്നു മുതൽ മെട്രോ 18 കിലോമീറ്റർ സർവീസ് – 16 സ്റ്റേഷൻ
∙ മൂന്നു മാസത്തെ വരുമാനം 10 കോടി
∙ ശരാശരി പ്രതിദിന യാത്രക്കാർ 30,000
∙ രാവിലെ ആറു മുതൽ രാത്രി പത്തു വരെ സർവീസ്
∙ ഞായറാഴ്ച സർവീസ് ആരംഭിക്കുന്നത് രാവിലെ എട്ടിന്
∙ ഇന്നു 11 മുതൽ മഹാരാജാസ് കോളജ് ഗ്രൗണ്ട് സ്റ്റേഷനിലേക്കു സർവീസ്
∙ ആലുവ – മഹാരാജാസ് ടിക്കറ്റ് 50 രൂപ
∙ കലൂർ, എംജി റോഡ് സ്റ്റേഷനുകളിലേക്കും 50 രൂപ