ശശികലയ്ക്ക് അഞ്ച് ദിവസം പരോൾ; തമിഴ്നാട് മന്ത്രിമാരെ കാണുന്നതിനു വിലക്ക്

ചെന്നൈ ∙ അനധികൃത സ്വത്തുസമ്പാദനക്കേസില്‍പ്പെട്ട് തടവിൽ കഴിയുന്ന അണ്ണാ ഡിഎംകെ മുൻ ജനറൽ സെക്രട്ടറി വി.കെ.ശശികലയ്ക്കു പരോൾ. ചികിത്സയിൽ കഴിയുന്ന ഭർത്താവ് എം.നടരാജനെ കാണാൻ അഞ്ച് ദിവസത്തെ പരോളാണ് അനുവദിച്ചത്. 15 ദിവസത്തെ പരോൾ വേണമെന്നായിരുന്നു അപേക്ഷ. പരോൾ കാലയളവിൽ തമിഴ്നാട് മന്ത്രിമാരെ കാണുന്നതിനു ശശികലയ്ക്കു വിലക്കുണ്ട്.

ശശികലയുടെ ബന്ധു ടി.ടി.വി.ദിനകരൻ ബെംഗളൂരുവിൽ എത്തി. ശശികലയ്ക്കു പരോൾ ലഭ്യമാക്കാനുള്ള നടപടികൾ പാരപ്പന അഗ്രഹാര ജയിൽ അധികൃതർ തുടങ്ങി. പരോൾ അംഗീകരിച്ചെന്നു ചെന്നൈ പൊലീസ് കമ്മിഷണർ അറിയിച്ചതായി ശശികലയുടെ അഭിഭാഷകൻ അറിയിച്ചു. ചെന്നൈ ടി നഗറിൽ ബന്ധു ഇളവരശിയുടെ വീട്ടിലാകും ശശികല താമസിക്കുക.

66.6 കോടി രൂപയുടെ അനധികൃത സ്വത്തുസമ്പാദനക്കേസിൽ നാലു വർഷത്തെ തടവുശിക്ഷയ്ക്കു വിധിക്കപ്പെട്ടാണു ബെംഗളൂരുവിലെ ജയിലിൽ ശശികല കഴിയുന്നത്. കരൾ സംബന്ധമായ അസുഖങ്ങൾ ബാധിച്ച് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് നടരാജൻ. രോഗം ഗുരുതരമായതിനെ തുടർന്നു കരൾമാറ്റ ശസ്ത്രക്രിയ കഴിഞ്ഞദിവസം നടന്നിരുന്നു.