ഓൺലൈൻ ടാക്സി ഡ്രൈവർക്കെതിരായ കേസ് അനാവശ്യം: ഹൈക്കോടതി

കൊച്ചി∙ യുവതികൾ നൽകിയ പരാതിയിൽ ഓൺലൈൻ ടാക്സി ഡ്രൈവർക്കെതിരായ കേസ് അനാവശ്യമെന്നു ഹൈക്കോടതി. സ്ത്രീത്വത്തെ അപമാനിച്ചെന്ന കുറ്റം നിലനിൽക്കുന്നതല്ല. ജാമ്യത്തിനായി ഡ്രൈവർ ഷെഫീഖിന് മജിസ്ട്രേറ്റ് കോടതിയെ സമീപിക്കാം. ഇക്കാര്യത്തിൽ അടിയന്തരമായി തീരുമാനം എടുക്കണമെന്നും ഹൈക്കോടതി മജിസ്ട്രേറ്റ് കോടതിക്കു നിർദേശം നൽകി. കേസുമായി ബന്ധപ്പെട്ട് പ്രോസിക്യൂഷൻ രേഖകൾ എല്ലാം ഹാജരാക്കിയിരുന്നു. അതേസമയം, കേസെടുത്ത മരട് പൊലീസിനെതിരെയും കോടതി വിമർശനം ഉന്നയിച്ചു. മരട് എസ്ഐയെയാണ് കോടതി രൂക്ഷമായ ഭാഷയിൽ വിമർശിച്ചത്.

യുവതികൾ നൽകിയ പരാതിയിൽ ഷെഫീഖിനെതിരെ മരട് പൊലീസ് ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുത്തിരുന്നു. ഇതിൽ സ്ത്രീത്വത്തെ അപമാനിച്ചെന്ന വകുപ്പു ചേർത്ത നടപടിയെയാണ് പൊലീസ് വിമർശിച്ചത്. ഇതിനായി മതിയായ തെളിവോ സാഹചര്യമോ ഇല്ലാതെയാണു കേസെടുത്തിരിക്കുന്നതെന്നും കോടതി വിലയിരുത്തി.

സെപ്റ്റംബർ 20ന് രാവിലെ പതിനൊന്നരയോടെ വൈറ്റില ജംക്‌ഷനു സമീപത്തുവച്ചാണു കേസിനാസ്പദമായ സംഭവം. പൂള്‍ ടാക്സി അടിസ്ഥാനത്തിൽ ബുക്ക് ചെയ്തപ്പോള്‍ എത്തിയ കാറിൽ മറ്റൊരു യാത്രക്കാരൻ ഉണ്ടായിരുന്നതു യുവതികൾ ചോദ്യം ചെയ്യുകയായിരുന്നു. എന്നാല്‍ പൂള്‍ ടാക്സി പ്രകാരം കാറില്‍ മറ്റു യാത്രക്കാര്‍ ഉണ്ടാകുമെന്നും നിലവിലുള്ള യാത്രക്കാരനെ മാറ്റാനാവില്ലെന്നും ഡ്രൈവര്‍ നിലപാടുത്തു. വാക്കുതര്‍ക്കം മൂര്‍ച്ഛിച്ചതോടെ യുവതികള്‍ പ്രകോപിതരായി ആക്രമിക്കുകയായിരുന്നുവെന്നാണു പരാതി.

ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ പ്രകാരം കേസെടുത്ത പൊലീസ്, യുവതികളെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. സ്റ്റേഷനില്‍ വച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഒരു യുവതിയെ ആശുപത്രിയിലേക്കു മാറ്റി. യുവതികള്‍ മദ്യപിച്ചിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു. എന്നാൽ ഡ്രൈവര്‍ അപമര്യാദയായി പെരുമാറിയതാണു പ്രകോപനത്തിനു കാരണമായി യുവതികള്‍ പറയുന്നത്.