അതിർത്തിയിൽ ദിവസേന അഞ്ചോ ആറോ ഭീകരരെ സൈന്യം വധിക്കുന്നു: രാജ്നാഥ്

ബെംഗളൂരു∙ കശ്മീരിലെ നിയന്ത്രണ രേഖയിലും ഇന്ത്യ–പാക്ക് അതിർത്തിയിലുമായി ദിവസേന അഞ്ചോ ആറോ ഭീകരരെ ഇന്ത്യൻ സൈന്യം വധിക്കുന്നുണ്ടെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. പാക്കിസ്ഥാൻ വെടിവയ്പ്പു തുടർന്നാൽ ശക്തമായി തിരിച്ചടിക്കാൻ സൈന്യത്തിനു നിർദേശം നൽകിയിട്ടുണ്ടെന്നും സിങ് ബെംഗളൂരുവിൽ പറഞ്ഞു.

പാക്കിസ്ഥാനെതിരെ ആദ്യം ഇന്ത്യ വെടിയുതിർക്കരുതെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ അവർ വെടിയുതിർക്കുകയാണെങ്കിൽ വെടിയുണ്ടകളുടെ എണ്ണം നോക്കരുത്. ശക്തമായി തിരിച്ചടിക്കണം, അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യ ഒരു ദുർബല രാജ്യമല്ലെന്ന് ചൈനയ്ക്കു മനസ്സിലായിട്ടുണ്ടെന്ന് ദോക് ലാ വിഷയത്തിൽ രാജ്നാഥ് സിങ് വ്യക്തമാക്കി. വിഷയത്തിൽ ഇന്ത്യ – ചൈന ബന്ധം സംഘർഷത്തിലേക്കു വഴുതിപ്പോകുമെന്നു ലോകം കരുതി. എന്നാൽ ആ സാഹചര്യം ഇന്ത്യ പരിഹരിച്ചതെങ്ങനെയെന്ന് നാം കണ്ടു. ഇന്ത്യ ശക്തമായ രാജ്യമല്ലായിരുന്നെങ്കിൽ ചൈനയുമായുള്ള വിഷയം പരിഹരിക്കപ്പെടുമായിരുന്നില്ല, രാജ്നാഥ് കൂട്ടിച്ചേർത്തു.