തിരഞ്ഞെടുപ്പിൽ ബിജെപിക്ക് ഗുജറാത്ത് മോഡലിന്റെ ഇരകൾ മറുപടി നൽകും: രാഹുൽ

അഹമ്മദാബാദ്∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസനവാദങ്ങളെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ രണ്ടാം ഘട്ട ഗുജറാത്ത് പര്യടനം. ഗുജറാത്ത് മോഡലിന്റെ ഇരകളായിരിക്കും ബിജെപിക്കു വരുന്ന തിരഞ്ഞെടുപ്പിൽ ചുട്ട മറുപടി നൽകുന്നതെന്നു രാഹുൽ ഗാന്ധി പറഞ്ഞു. ജിഎസ്ടിയിലോ നോട്ട് അസാധുവാക്കലിലോ ആകട്ടെ, മോദി ആരുടെയും വാക്കുകൾ കേൾക്കാതെയാണ് ഇവ നടപ്പിലാക്കിയത്.

എന്നാൽ കർഷകർ, തൊഴിലാളികള്‍, സ്ത്രീകൾ, ചെറുകിട വ്യാപാരികൾ എല്ലാവരുടെയും വാക്കുകൾക്കും നിർദേശങ്ങൾക്കും കോൺഗ്രസ് ചെവികൊടുത്തിരുന്നു. കഴിഞ്ഞ 22 വർഷമായിട്ടും ഗുജറാത്തിൽ ബിജെപി സർക്കാർ ജനങ്ങളുടെ ആവശ്യങ്ങൾ കേൾക്കാൻ തയാറായിട്ടില്ലെന്നും രാഹുൽ ആരോപിച്ചു.

നോട്ട് അസാധുവാക്കൽ ചെറുകിട വ്യാപാരങ്ങൾ പലതും അവസാനിപ്പിച്ചു. അതിന്റെ ചാരത്തിൽനിന്ന് ഉയർത്തെഴുന്നേറ്റത് ഒരു കമ്പനി മാത്രമാണ്. അമിത് ഷായുടെ മകന്റെ കമ്പനി - രാഹുൽ പറഞ്ഞു. ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായുടെ മകൻ ജയ് ഷായുടെ ഉമസ്ഥതയിലുള്ള കമ്പനിയുടെ വരുമാനത്തിൽ ഒരു വർഷത്തിനിടെ 16,000 മടങ്ങ് വർധനവുണ്ടായെന്ന മാധ്യമ റിപ്പോർട്ടിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

അഹമ്മദാബാദിലും ഖേഡ ജില്ലയിലെ ഖത് രജ്, ജിഭായ് പുര എന്നിവിടങ്ങളിലെയും റാലികളിൽ രാഹുൽ പങ്കെടുത്തു. നാന്ദിഡിലെ സർദാർ വല്ലഭായ് പട്ടേലിൻറ ജന്മസ്ഥലം സന്ദർശിച്ച രാഹുൽ ഗാന്ധി ഖേഡയിലെ ശാന്താറാം മന്ദിറിൽ പ്രാർഥന നടത്തി.