Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കെഎസ്ആർടിസിയിൽ മന്ത്രിയുടെ തേർവാഴ്ച; ഒരേ തസ്തികയിൽ മൂന്ന് നിയമനം

Thomas-Chandy

തിരുവനന്തപുരം∙ എം.ജി.രാജമാണിക്യത്തെ എംഡി സ്ഥാനത്തുനിന്നു നീക്കിയതിനു പിന്നാലെ കെഎസ്ആർടിസിയില്‍ പിടിമുറുക്കാനൊരുങ്ങി ഗതാഗതമന്ത്രി തോമസ് ചാണ്ടി. ചീഫ് ലോ ഒാഫിസർ ഉണ്ടായിരിക്കെ ചട്ടം ലംഘിച്ചു നിയമവകുപ്പിൽനിന്നു മറ്റൊരാളെക്കൂടി അതേ സ്ഥാനത്തു നിയമിച്ചു. ശമ്പളവും പെൻഷനും കൊടുക്കാൻ കെഎസ്ആർ‌ടിസി പണമില്ലാതെ നട്ടം തിരിയുമ്പോഴാണ് ലക്ഷക്കണക്കിനു രൂപയുടെ അധികബാധ്യതയുണ്ടാക്കുന്ന നിയമനം നടത്തിയത്.

രാജമാണിക്യം എംഡിയായിരിക്കെ നിയമനങ്ങളിലും സ്ഥലം മാറ്റങ്ങളിലും കൈകടത്താൻ മന്ത്രിയുടെ ഒാഫിസിനെ അനുവദിച്ചിരുന്നില്ല. സെക്രട്ടേറിയറ്റിലെ സീനിയർ സെക്രട്ടറി ജോകോസ് പണിക്കരെ കെഎസ്ആർടിസിയിൽ സീനിയർ അഡ്മിനിസ്ട്രേറ്റീവ് ഒാഫിസറായി നിയമിക്കാൻ ശ്രമിച്ചെങ്കിലും എംഡി തടയിട്ടു. എന്നാൽ രാജമാണിക്യം പോയതോടെ മന്ത്രിയുടെ ഒാഫിസ് പിടിമുറുക്കുകയായിരുന്നു.

നിയമവകുപ്പിലെ ജോയിന്റ് സെക്രട്ടറി വി.എം.ചാക്കോയെ കഴിഞ്ഞദിവസം ചീഫ് ലോ ഒാഫിസറായി നിയമിച്ചു. നിലവിൽ കെഎസ്ആർടിസി ട്രെയിനിങ് സ്കൂൾ പ്രിൻസിപ്പൽ ഡി.ഷിബുകുമാറാണു ചീഫ് ലോ ഒാഫിസർ തസ്തികയിലുള്ളത്. ഷിബുകുമാറിനു മറ്റൊരു ചുമതല നൽകിയപ്പോൾ എസ്.രാധാകൃഷ്ണൻ എന്നയാൾക്കു ലോ ഒാഫിസറുടെ അധികചുമതല കൊടുത്തു. ചുരുക്കത്തിൽ ഒരു തസ്തികയിൽ മൂന്നുപേർക്കു ശമ്പളം കൊടുക്കേണ്ട അവസ്ഥയിലാണ് കെഎസ്ആർടിസി.

ലോ ഒാഫിസറെ നിയമിക്കണമെന്നു ഡയറക്ടർ ബോർഡ് ആവശ്യപ്പെട്ടിട്ടില്ല. കെഎസ്ആർടിസിയിൽ യോഗ്യരായവരുള്ളപ്പോഴും ബോർഡ് ആവശ്യപ്പെടാതെയും പുറത്തുനിന്നു നിയമനം പാടില്ലെന്നു ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്. നേരത്തെ ചുമതലയേൽക്കാതിരുന്ന അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ ഉൾപ്പടെ മറ്റു പലരും വരും ദിവസങ്ങളിൽ ഡപ്യൂട്ടേഷനിൽ എത്തുന്നതോടെ കെഎസ്ആർടിസിയുടെ സാമ്പത്തിക ബാധ്യത കൂടും. പുതിയ എംഡി ചുമതലയേൽക്കുന്നതിനു മുൻപേ ഭരണതലത്തിൽ പരമാവധി ആളുകളെ തിരുകികയറ്റുകയാണു മന്ത്രിയുടെ ഒാഫിസിന്റെ ലക്ഷ്യം.

related stories