ഇന്ത്യയിപ്പോൾ പാമ്പാട്ടികളുടെ രാജ്യമല്ല, ലോകത്തെ പ്രധാന ഐടി ഹബ്ബ്: പ്രധാനമന്ത്രി

പട്ന∙ ലോകത്തിലെ പ്രധാന ഐടി ഹബ്ബുകളിൽ ഒന്നായി ഇന്ത്യ മാറിയിരിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നേരത്തെ വിദേശികൾ ഇന്ത്യയെ പാമ്പാട്ടികളുടെ രാജ്യമായിട്ടാണ് കണ്ടിരുന്നത്. എന്നാൽ ഇന്ന് ആ സ്ഥിതി മാറിയിരിക്കുന്നു. രാജ്യത്തെ ഐടി വ്യവസായ സംരംഭങ്ങളാണ് ഇതിനു കാരണം.

ഒരിക്കൽ ഒരു വിദേശി, നിങ്ങളുടേത് പാമ്പാട്ടികളുടെ രാജ്യമാണോയെന്ന് എന്നോടു ചോദിച്ചു. പാമ്പുകളുമായി കളിച്ചിരുന്ന ഞങ്ങളിപ്പോൾ മൗസുമായിട്ടാണ് കളിക്കുന്നതെന്നും ഈ മാറ്റത്തിൽ അഭിമാനമുണ്ടെന്നുമാണ് ഞാൻ മറുപടി നൽകിയത് – മോദി പറഞ്ഞു. പട്ന സർവകലാശാലയുടെ ശതാബ്ദി ആഘോഷങ്ങളിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

2022ൽ ബിഹാറിൽ വികസനം പൂർത്തിയാകുമെന്നു പറഞ്ഞ മോദി, മുഖ്യമന്ത്രി നിതീഷ് കുമാറിന് എല്ലാ കേന്ദ്രസഹായവും വാഗ്ദാനം ചെയ്തു. ആർജെഡി സഖ്യത്തിൽനിന്നു മാറിയതിനുശേഷം ആദ്യമായിട്ടാണ് മോദി ബിഹാറിൽ സന്ദർശനം നടത്തുന്നത്. കിഴക്കൻ സംസ്ഥാനങ്ങളിൽ വികസനം നടത്തുന്നതിന് ഞങ്ങൾ ചുമതലപ്പെട്ടവരാണ്.

രാജ്യം 75–ാം വാർഷികം ആഘോഷിക്കുന്ന 2022ൽ ബിഹാർ ഇന്ത്യയിലെ വികസിത സംസ്ഥാനങ്ങളിൽ ഒന്നായി മാറുമെന്നും മോദി വ്യക്തമാക്കി.