‘വാചകമടിയുടെ പെരുമഴ’: മോദിയുടെ ഗുജറാത്ത് സന്ദർശനത്തെ കളിയാക്കി രാഹുൽ

ന്യൂഡല്‍ഹി∙ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഗുജറാത്ത് സന്ദർശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. ഗുജറാത്തിലെ ‘കാലാവസ്ഥാ പ്രവചനം’ നടത്തിയാണ് രാഹുൽ പ്രധാനമന്ത്രിയെ കളിയാക്കിയത്.

'കാലാവസ്ഥാ പ്രവചനം: തിരഞ്ഞെടുപ്പ് അടുത്തിരിക്കേ, ഗുജറാത്തിൽ ഇന്ന് വാചകമടിയുടെ പെരുമഴ പ്രതീക്ഷിക്കാം' എന്നായിരുന്നു രാഹുലിന്റെ ട്വീറ്റ്. നിയമസഭാ തിരഞ്ഞെടുപ്പു വരാനിരിക്കെ വോട്ടർമാരെ  സ്വാധീനിക്കാന്‍ മോദി വലിയ പദ്ധതികൾ‌ പ്രഖ്യാപിക്കുമെന്ന റിപ്പോർട്ടുകൾക്കിടെയാണ് രാഹുലിന്റെ പരാമർ‌ശം. ഗുജറാത്തിന് 12,500 കോടി രൂപയുടെ പദ്ധതികൾ കിട്ടുമെന്ന വാർത്തയും ട്വീറ്റിനൊപ്പം അദ്ദേഹം പങ്കുവച്ചു.

ഹിമാചല്‍ പ്രദേശിന്റെ കൂടെ ഗുജറാത്തിലെയും തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിക്കുന്നതാണു പതിവ്. എന്നാൽ ഗുജറാത്തിലെ തിരഞ്ഞെടുപ്പു തീയതി പ്രഖ്യാപിക്കാതിരിക്കാൻ കമ്മിഷനുമേല്‍ സമ്മര്‍ദ്ദമുണ്ടെന്നാണു കോൺഗ്രസിന്റെ ആരോപണം. നവംബര്‍ ഒൻപതിന് ഹിമാചലിൽ തിരഞ്ഞെടുപ്പും ഡിസംബര്‍ 18ന് ഫലപ്രഖ്യപനവും വരുമെന്നാണ് കമ്മിഷൻ അറിയിച്ചത്. എന്നാൽ ഇതിനൊപ്പം നടത്തേണ്ട ഗുജറാത്തിലെ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാതിരുന്നതാണ് വിമർശനങ്ങൾക്ക് ഇടയാക്കിയത്.