അയർലൻഡിനെ ചുഴറ്റിയെറിഞ്ഞ് ‘ഒഫെലിയ’; ഇംഗ്ലണ്ടിലും വെയിൽസിലും കനത്ത നാശം

ലണ്ടൻ ∙ അയർലൻഡിലെങ്ങും കനത്ത നാശവും ജീവഹാനിയും വരുത്തി ‘ഒഫെലിയ’യുടെ സംഹാരതാണ്ഡവം. അയർലൻഡിൽ മൂന്നുപേരുടെ മരണത്തിനിടയാക്കിയ കൊടുങ്കാറ്റ് സ്കോട്ട്ലൻഡിലും വെയിൽസിലും ഇംഗ്ലണ്ടിലും രൗദ്രഭാവം വെടിയാതെ ആഞ്ഞടിക്കുകയാണ്. ഇംഗ്ലണ്ടിലും വെയിൽസിലും വടക്കൻ അയർലൻഡിലും നൂറുകണക്കിന് വീടുകളുടെ മേൽക്കൂര പറന്നുപോയി. പലയിടത്തും വൈദ്യുതി ബന്ധവും വിച്ഛേദിക്കപ്പെട്ട നിലയിലാണ്. വെസ്റ്റ് ഇംഗ്ലണ്ടിലും വെയിൽസിലും തുടരുന്ന കാറ്റ് ഇപ്പോൾ ഇംഗ്ലണ്ടിന്റെ തെക്കൻ ഭാഗത്തേക്കു ശക്തിപ്രാപിച്ചിരിക്കുകയാണെന്നാണു കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്.

റോഡ്, റെയിൽ, വ്യോമ ഗതാഗത മേഖലയെയും കൊടുങ്കാറ്റ് സാരമായി ബാധിച്ചു. നിരവധി വിമാന സർവീസുകൾ റദ്ദാക്കിയിട്ടുണ്ട്. ഫെറി സർവീസുകളും അവതാളത്തിലായി.

കഴിഞ്ഞ അമ്പത് വർഷത്തിനിടെ അയർലൻഡിൽ ഉണ്ടായ ഏറ്റവും കനത്ത രണ്ടാമത്തെ കൊടുങ്കാറ്റാണ് ഒഫെലിയ. മണിക്കൂറിൽ 119 കിലോമീറ്ററായിരുന്നു അയർലൻഡിൽ കാറ്റിന്റെ വേഗത. 1987ൽ 18 പേരുടെ മരണത്തിനിടയാക്കിയ ഗ്രേറ്റ് സ്റ്റോമിനോടാണ് പലരും ഒഫെലിയയെ ഉപമിക്കുന്നത്. 

കൊടുങ്കാറ്റും പേമാരിയും ഉണ്ടാകുമെന്ന കാലാവസ്ഥാ മുന്നറിയിപ്പിനെത്തുടർന്ന് അയർലൻഡിൽ തിങ്കളാഴ്ച സ്കൂളുകൾക്ക് അവധി നൽകിയിരുന്നു. ചൊവ്വാഴ്ചയും അവധിയാണ്. ഡബ്ലിൻ വിമാനത്താവളത്തിൽനിന്നും തിങ്കളാഴ്ച 130 വിമാനങ്ങൾ റദ്ദാക്കി. ചൊവ്വാഴ്ചയും നിരവധി സർവീസുകൾ റദ്ദാക്കിയിട്ടുണ്ട്. രക്ഷാപ്രവർത്തനത്തിന് പലയിടങ്ങളിലും സൈനികർതന്നെ രംഗത്തെത്തി. 

രണ്ടു പുരുഷന്മാരും ഒരു സ്ത്രീയുമാണ് അയർലൻഡിൽ മരിച്ചത്. വടക്കൻ അയർലൻഡിൽ എണ്ണായിരത്തോളം വീടുകളിൽ വൈദ്യുതിയില്ല. അയർലൻഡിൽ മൂന്നു ലക്ഷത്തോളം വീടുകളും വൈദ്യുതിബന്ധം വിച്ഛേദിക്കപ്പെട്ട നിലയിലാണ്.