സ്വകാര്യ വിമാനയാത്രകൾക്ക് പണം നൽകിയതാര്: മോദിയെ ലക്ഷ്യമിട്ട് കോൺഗ്രസ്

ന്യൂഡൽഹി∙ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് സ്വകാര്യ ചാട്ടേർഡ് വിമാനത്തിൽ യാത്രകൾ നടത്താൻ പ്രധാനമന്ത്രിക്കു പണം നൽകിയതാരെന്ന് കോൺഗ്രസ്. അക്കാലങ്ങളിൽ 100 സൗജന്യയാത്രകളാണ് മോദി നടത്തിയത്. റിലയൻസ് മുതൽ അദാനി ഗ്രൂപ്പ് വരെയുള്ളവരുടെ വിമാനങ്ങളിലായിരുന്നു അദ്ദേഹത്തിന്റെ യാത്ര. വിവരാവകാശ പ്രകാരം ലഭിച്ച രേഖകൾ ചൂണ്ടിക്കാട്ടി കോൺഗ്രസ് വക്താവ് അഭിഷേക് മനുസിങ്‌വിയാണ് കുറ്റപ്പെടുത്തിയത്. 

2002 മുതൽ 2007 വരെയായിരുന്നു മോദിയുടെ സൗജന്യ യാത്രകൾ. ഗുജറാത്ത് സർക്കാരോ ബിജെപിയോ മോദിയുടെ യാത്രകൾക്കായി പണം ചിലവഴിച്ചിട്ടില്ല. 16.56 കോടി രൂപയാണ് ഈ യാത്രകൾക്കായി ചിലവായത്. ഇതിൽ മൂന്നു കോടി വിദേശയാത്രയ്ക്കായിട്ടായിരുന്നു. സൗജന്യയാത്ര നൽകിയവർക്കു ഭരണാധികാരിയിൽനിന്നു പ്രതിഫലം ലഭിച്ചിരിക്കണമെന്നും സിങ്‌വി പറഞ്ഞു.

മുഖ്യമന്ത്രിയായിരിക്കെ സൗജന്യ യാത്രകൾ നടത്തിയ മോദി പൊതുസമൂഹത്തിനു വിശദീകരണം നൽകാൻ ബാധ്യസ്ഥനാണ്. 500 രൂപയിൽ കൂടുതൽ വിലയുള്ള സമ്മാനം വാങ്ങിയാൽ അക്കാര്യം മുഖ്യമന്ത്രിമാർ വെളിപ്പെടുത്തണമെന്നും സിങ്‌വി പറഞ്ഞു.

പ്രിയങ്കാ ഗാന്ധിയുടെ ഭർത്താവ് റോബർട്ട് വാധ്‌രയ്ക്ക് വിവാദ ആയുധ ഇടപാടുകാരൻ സഞ്ജയ് ഭണ്ഡാരിയുമായി അടുപ്പമുണ്ടെന്ന് ആരോപണമുയർന്നിരുന്നു. ഡൽഹിയിലെ ട്രാവൽ ഏജന്റ് വാധ്‍രയ്ക്കായി 2012ൽ രണ്ട് വിമാനടിക്കറ്റുകൾ ബുക്ക് ചെയ്തപ്പോൾ പണമടച്ചത് സഞ്ജയ് ഭണ്ഡാരി ആണെന്ന വിവരം ദേശീയ മാധ്യമമാണ് വെളിപ്പെടുത്തിയത്. ഇക്കാര്യമുന്നയിച്ച് കോൺഗ്രസിനെതിരെ ശക്തമായ പ്രതിഷേധമാണ് ബിജെപി ഉന്നയിച്ചത്. ഇതിനുപിന്നാലെയാണ് മോദിയുടെ വിമാനയാത്രകളെക്കുറിച്ച് കോൺഗ്രസ് ആരോപണങ്ങളുന്നയിച്ചിരിക്കുന്നത്.