മമതയെ വധിച്ചാൽ 65 ലക്ഷം തരാം; വിദ്യാർഥിക്ക് യുഎസിൽനിന്ന് വാട്സാപ്പ് സന്ദേശം

കൊൽക്കത്ത∙ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയെ വധിക്കണമെന്ന് ആവശ്യപ്പെട്ട് യുവാവിന് യുഎസിൽനിന്ന് വാട്സാപ്പ് സന്ദേശം. തിങ്കളാഴ്ചയാണ് ഒരു ലക്ഷം ഡോളർ (65 ലക്ഷം രൂപ) വാഗ്ദാനം ചെയ്തുകൊണ്ട് വാട്സാപ്പ് വഴി ഫോൺ വിളിയെത്തിയത്. യുവാവ് പരാതി നൽകിയതിനെ തുടർന്ന് ബംഗാൾ പൊലീസ് അന്വേഷണം തുടങ്ങി.

തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ഫ്ലോറിഡയിൽനിന്നു സന്ദേശം ലഭിച്ചതെന്ന് ഭേറാംപൂർ സ്വദേശിയായ പോളിടെക്നിക് വിദ്യാർഥി പറഞ്ഞു. ലത്തീൻ എന്നു സ്വയം പരിചയപ്പെടുത്തിയയാൾ, താൻ ഒരു ഭീകരസംഘടനയിൽ അംഗമാണെന്നും ഇന്ത്യയിലൊരു പങ്കാളിക്കായി കാത്തിരിക്കുകയാണെന്നും പറഞ്ഞു. ഞങ്ങളെ സഹായിച്ചാൽ 65 ലക്ഷം രൂപ നൽകാം. ഭയപ്പെടേണ്ട നിങ്ങൾ സുരക്ഷിതനായിരിക്കും. നിങ്ങൾ തയാറുണ്ടോ? എന്നായിരുന്നു സന്ദേശത്തിൽ പറഞ്ഞതെന്ന് വിദ്യാർഥി നൽകിയ പരാതിയിൽ പറയുന്നു.

സന്ദേശം അയച്ച വ്യക്തിയോട് അൽപസമയം കാത്തിരിക്കാൻ വിദ്യാർഥി ആവശ്യപ്പെട്ടു. അപ്പോൾ പെട്ടെന്നു തീരുമാനം പറയണമെന്നും കഴിയില്ലെങ്കിൽ മറ്റൊരാളെ കണ്ടെത്താനാണെന്നും അയാൾ പറഞ്ഞു. കയ്യിൽ‌ വന്ന 65 ലക്ഷം കളഞ്ഞുകുളിക്കരുതെന്നും വിളിച്ചയാൾ വ്യക്തമാക്കി.

കുറച്ചുസമയത്തിനുശേഷം താൽപര്യമില്ലെന്നു പറഞ്ഞ് വിദ്യാർഥി തിരിച്ചു സന്ദേശമയച്ചു. നീയൊരു പരാജിതനാണെന്നു പറഞ്ഞ ലത്തീൻ, താൻ ഇന്ത്യയെ തകർക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും ഒരാളെ മാത്രം കൊലപ്പെടുത്തിയാൽ മതിയെന്നും മറുപടി നൽകിയതായും വിദ്യാർഥി വ്യക്തമാക്കി.