സോളർ റിപ്പോർട്ട്‍: സർക്കാരിനെ വെട്ടിലാക്കാൻ കൂടുതൽ പൊലീസുകാർ ഒരുങ്ങുന്നു

തിരുവനന്തപുരം∙ സോളർ കമ്മിഷൻ റിപ്പോർട്ടിന്റെ പേരിൽ പ്രത്യേക അന്വേഷണ സംഘത്തിനെതിരെ നടപടിയെടുക്കാനുള്ള സർക്കാർ നീക്കത്തെ പ്രതിരോധിക്കാൻ പൊലീസ്. ജുഡിഷ്യല്‍ കമ്മിഷൻ റിപ്പോർട്ടിനെതിരെ കൂടുതൽ പൊലീസുകാർ പരാതി നൽകാൻ ഒരുങ്ങുകയാണെന്നാണു വിവരം.

വീഴ്ച വരുത്തിയെന്നു കമ്മിഷൻ കുറ്റപ്പെടുത്തുകയും സർക്കാർ നട‍പടിയെടുക്കുകയും ചെയ്ത ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ആവശ്യപ്പെടും. പ്രത്യേക അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്ന പൊലീസുകാരാണ് സർക്കാരിനെതിരെ നീങ്ങുന്നത്. പകര്‍പ്പ് കിട്ടിയാല്‍ കോടതിയെ സമീപിക്കാനാണു ഇവരുടെ നീക്കം. പ്രത്യേക അന്വേഷണസംഘം ‌കമ്മിഷനു നല്‍കിയ പല തെളിവുകളും റിപ്പോർട്ടിൽ ഉൾപ്പെടുത്തിയില്ലെന്നാണ് ഇവരുടെ ആക്ഷേപം.

പ്രത്യേക അന്വേഷണ സംഘത്തലവനായിരുന്ന ഡിജിപി എ. ഹേമചന്ദ്രൻ കമ്മിഷനെ കുറ്റപ്പെടുത്തി ആഭ്യന്തരവകുപ്പ് അഡിഷനല്‍ ചീഫ് സെക്രട്ടറിക്കും പൊലീസ് മേധാവിക്കും കത്ത് നൽകിയതിനു പിന്നാലെയാണു നീക്കം ശക്തമായത്.