ആംബുലൻസിനു പൈലറ്റ് പോയതായിരുന്നു; വിചിത്ര വാദവുമായി വിവാദ വാഹന ഉടമ

ആംബുലൻസിനു തടസ്സം സൃഷ്ടിച്ചു മുൻപേ പോകുന്ന കാർ. (വിഡിയോ ദൃശ്യം)

കൊച്ചി∙ അത്യാസന്നനിലയിലായ നവജാത ശിശുവുമായി ആശുപത്രിയിലേക്കു പോയ ആംബുലന്‍സിന്റെ വഴി തടഞ്ഞ സംഭവത്തില്‍ വിചിത്രവാദവുമായി വാഹന ഉടമ. ആബുലന്‍സിനു പൈലറ്റ് പോയതാണെന്നാണു കാർ ഡ്രൈവർ ആലുവ ഡിവൈഎസ്പി ഓഫിസിനു സമീപം പൈനാടത്തു വീട്ടിൽ നിർമൽ ജോസ് പൊലീസിനു മൊഴി നല്‍കിയത്. മറ്റു വാഹനങ്ങള്‍ ആംബുലൻസിനു മുന്നിൽതടസമാകാതിരിക്കാനായിരുന്നു ശ്രമമെന്നും ഇയാൾ മൊഴി നൽകി. അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് നിർമലിന്റെ ഡ്രൈവിങ് ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു.

ശ്വാസതടസ്സം നേരിട്ട് അത്യാസന്ന നിലയിലായ നവജാത ശിശുവുമായി കളമശേരിയിലെ എറണാകുളം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിൽനിന്നു പോയ ആംബുലൻസിനെ കാർ ഡ്രൈവർ കടത്തിവിട്ടിരുന്നില്ല. ആംബുലൻസിനു വഴികൊടുക്കാതെ പായുന്ന കാറിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ തരംഗമായിരുന്നു. ബുധനാഴ്ച വൈകിട്ട് അഞ്ചിനാണു കുട്ടിയുമായി ആംബുലൻസ് ഡ്രൈവർ പി.കെ. മധു താലൂക്ക് ആശുപത്രിയിലേക്കു പുറപ്പെട്ടത്.

സാധാരണ 15 മിനിറ്റിനുള്ളിൽ കളമശേരിയിൽ എത്താറുള്ള ആംബുലൻസ് ഇതുകാരണം 35 മിനിറ്റ് കൊണ്ടാണ് എത്തിയത്. കെഎൽ 17 എൽ 202 നമ്പർ കാർ പൊലീസ് കസ്റ്റഡിയിലാണ്.