സിബിഐ നടപടിയും അമിത് ഷായുടെ പ്രസംഗവും തമ്മിൽ ഗൂഢബന്ധം: കോടിയേരി

തലശ്ശേരി∙ ആർഎസ്എസ്– ബിജെപി പ്രവർത്തകരുടെ ഏഴു കൊലപാതകക്കേസുകള്‍ സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ സിബിഐ സ്വീകരിച്ച നിലപാടും ബിജെപി അധ്യക്ഷൻ അമിത് ഷായുടെ തിരുവനന്തപുരത്തെ പ്രസംഗവും തമ്മിൽ ബന്ധമുണ്ടെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സിബിഐ അഭിഭാഷകന്റെ അസാധാരണ നടപടി ഗൂഢപദ്ധതിയുടെ ഭാഗമാണ്. ഹര്‍ജി കോടതിയില്‍ വന്നാല്‍ സാധാരണ സിബിഐക്കു നോട്ടിസ് നല്‍കിയതിനു ശേഷമാണ് കേസ് ഏറ്റെടുക്കണോ എന്നു തീരുമാനിക്കേണ്ടത്. എന്നാല്‍ ഈ കേസിൽ അസാധാരണമായ നടപടിയാണു ഹൈക്കോടതിയിൽ നടന്നതെന്നും കോടിയേരി പറഞ്ഞു.

സിപിഎം പ്രവര്‍ത്തകരെ കള്ളകേസില്‍ കുടുക്കി വേട്ടായാടാനുള്ള ശ്രമമാണു നടക്കുന്നത്. ആര്‍എസ്എസ് ഫാഷിസത്തെ നേരിടാന്‍ വിശാലമായ പൊതുവേദി ആവശ്യമാണെങ്കിലും അതിനെ രാഷ്ട്രീയ കൂട്ടുകെട്ടായി വികസിപ്പിക്കാനാവില്ല. നയപരമായി യോജിപ്പില്ലാത്തവരുമായി തിരഞ്ഞെടുപ്പ് സഖ്യമുണ്ടാക്കിയതിന്റെ അനുഭവം മുന്നിലുണ്ട്. കോണ്‍ഗ്രസിനെയും ആര്‍എസ്എസിനെയും എതിര്‍ത്തുകൊണ്ടു സിപിഎം  മുന്നോട്ടുവയ്ക്കുന്ന നയമാണു ഭാവിയില്‍ രാജ്യത്തെ സ്വാധീനിക്കുക. ഇത് അറിയുന്നതിനാലാണു സിപിഎമ്മിനെ ഇല്ലാതാക്കാന്‍ ആര്‍എസ്എസ് ശ്രമിക്കുന്നതെന്നും കോടിയേരി പറഞ്ഞു.