കേരളത്തിന്‍റെ നിലപാട് ധിക്കാരപരം, കെപിസിസി പട്ടിക അംഗീകരിക്കില്ല: ഹൈക്കമാന്‍ഡ്

ന്യൂഡൽഹി∙ പുനഃസംഘടനാ വിഷയത്തിൽ എ, ഐ ഗ്രൂപ്പുകള്‍ വിട്ടുവീഴ്ചയ്ക്കു തയാറായില്ലെങ്കില്‍ കെപിസിസി പട്ടിക അംഗീകരിക്കില്ലെന്നു ഹൈക്കമാന്‍ഡ്. സംസ്ഥാന ഘടകത്തിന്റെ നിലപാട് ധിക്കാരപരമാണ്. കടുംപിടുത്തം തുടര്‍ന്നാല്‍ കേരളത്തെ ഒഴിവാക്കി എഐസിസി ചേരും. നിലപാട് എം.എം.ഹസനെ അറിയിച്ചെന്നും തിരഞ്ഞെടുപ്പ് അതോറിറ്റി മേധാവി മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. സംവരണ തത്വങ്ങൾ പാലിക്കാത്ത പട്ടിക അതേപടി അംഗീകരിക്കില്ലെന്ന സൂചന കഴിഞ്ഞ ദിവസം തന്നെ ഹൈക്കമാൻഡ് നൽകിയിരുന്നു.

പാർട്ടി ഭരണഘടന 33% സംവരണം നിർദേശിക്കുന്നെങ്കിലും കെപിസിസി പട്ടികയിൽ 5% മാത്രമാണു വനിതാ പ്രാതിനിധ്യം. പാർലമെന്റിൽ 33% വനിതകൾ വേണമെന്നാണു പാർട്ടി നിലപാട്. പട്ടികയിൽ പട്ടികജാതി, വർഗ, യുവജന പ്രാതിനിധ്യവും കുറവാണ്. എംപിമാരുടെയും മുതിർന്ന നേതാക്കളുടെയും അതൃപ്തി പുറമേ. പ്രവർത്തകസമിതിയംഗം എ.കെ.ആന്റണി, കേരളത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി മുകുൾ വാസ്നിക്, മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവർ പ്രശ്നപരിഹാരത്തിനു പലവട്ടം ചർച്ചകൾ നടത്തിയിരുന്നു.