മെര്‍സൽ കണ്ടത് ഇന്‍റര്‍നെറ്റിൽ; പുലിവാലുപിടിച്ച് ബിജെപി ദേശീയ സെക്രട്ടറി

ചെന്നൈ∙ തമിഴ് ചിത്രം മെര്‍സലുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ അവസാനിക്കുന്നില്ല. ചിത്രം ഇന്‍റര്‍നെറ്റിലാണ് കണ്ടതെന്ന ബിജെപി ദേശീയ സെക്രട്ടറി എച്ച്.രാജയുടെ വാക്കുകളാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. ഒരു തമിഴ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് എച്ച്.രാജ ഇക്കാര്യം വെളിപ്പെടുത്തിയത്.

വ്യാജപതിപ്പുകള്‍ കണ്ടു എന്ന് പറയുന്നത് തെറ്റായ സന്ദേശമാണ് നല്‍കുകയെന്നും ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിനു മുൻപ് രണ്ടുവട്ടം ചിന്തിക്കണമെന്നും നടികര്‍ സംഘം ജനറല്‍ സെക്രട്ടറി വിശാല്‍ പറഞ്ഞു. എന്നാല്‍, വാട്സാപില്‍ പ്രചരിക്കുന്ന ചിത്രത്തിന്‍റെ ഭാഗങ്ങള്‍ കണ്ടു എന്നാണ് പറഞ്ഞതെന്ന് എച്ച്.രാജ പിന്നീട് തിരുത്തി.

ആറ്റ്ലീ സംവിധാനം ചെയ്ത വിജയ് ചിത്രമായ മെർസലിൽ ജിഎസ്ടിക്ക് എതിരായ പരാമർശങ്ങളുള്ളത് ഒഴിവാക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടതോടെയാണ് വിവാദം തുടങ്ങിയത്. ചിത്രത്തിലെ വിവാദ രംഗങ്ങള്‍ നീക്കേണ്ടതില്ലെന്നാണ് നിലപാടെന്നു നിര്‍മാതാക്കളുടെ സംഘടന അറിയിച്ചു. രംഗങ്ങള്‍ ഒഴിവാക്കുകയോ ബീപ് ശബ്ദം ഇടുകയോ ചെയ്യില്ലെന്നു മെര്‍സലിന്‍റെ നിര്‍മാതാക്കളിലൊരാളായ ഹേമ രുക്മിണി വ്യക്തമാക്കി.